ചുട്ടു പൊള്ളി ഉത്തരേന്ത്യ ,ഡൽഹിയിൽ പൊടിക്കാറ്റിനും സാധ്യത; ഉച്ച സമയത്ത് പുറത്തിറങ്ങരുതെന്നും നിർദേശം
പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില
ഉത്തരേന്ത്യയിൽ കൊടും ചൂട് തുടരുന്നു . 47 ഡിഗ്രി സെൽഷ്യസിലധികം താപനിലയാണ് ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് . യുപിയിലെ ബൺഡയിലാണ് ഉയർന്ന താപനില . 47.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത് . ലഖ്നൗവിൽ 45.1 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത് . പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില . ആറ് ആഴ്ചയിലധികമായി ഡൽഹിയിൽ സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കൂടുതലാണ് രേഖപ്പെടുത്തുന്നത് .
അഞ്ച് ദിവസംകൂടി സമാനമായ ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ് . മഹാരാഷ്ട്രയിലും പഞ്ചാബിലും ക്രമാതീതമായി ചൂട് കൂടിയിരിക്കുകയാണ് . പശ്ചിമ രാജസ്ഥാൻ, ദില്ലി, ഹരിയാന, മധ്യപ്രദേശ്, ജാർഖണ്ഡ്, എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നുണ്ട് .
മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട് . അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് .
ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതൽ പഞ്ചാബിൽ സ്കൂളുകൾക്ക് വേനൽ അവധി പ്രഖ്യാപിച്ചു . രാജ്യതലസ്ഥാനമായ ഡൽഹിയിൽ 72 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് ഏപ്രിലിൽ അനുഭവപ്പെട്ടത് . ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് നിർദേശമുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...