തിരുവനന്തപുരം: അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. കേരളം, കര്‍ണാടകം, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.


കേരളത്തില്‍ മലയോര മേഖലയിലും മഴ തുടരാനാണ് സാധ്യത. കൂടാതെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും ഉണ്ട്.  


കോഴിക്കോട്, വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ നാല് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ 2,3,4 ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്.


കക്കി, പമ്പ, ഇടമലയാര്‍, മലമ്പുഴ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകളും തുറന്നു. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും. മാട്ടുപ്പട്ടി ഡാമിന്‍റെ ഒരു ഷട്ടര്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. എല്ലാ സ്ഥലത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.