Heavy Rain | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി
നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ (Heavy Rain) തുടരുന്നു. തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും, മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ (Dam) സ്ഥിതി വിലയിരുത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സെപ്തംബർ 27 വൈകുന്നേരം നാല് മണി വരെയുള്ള ജലസംഭരണികളുടെ തൽസ്ഥിതി: പ്രധാന ജലസംഭരണികളായ ഇടുക്കി (79.86%), ഇടമലയാർ (81.15%), ബാണാസുര സാഗർ (81.07%) എന്നിവിടങ്ങളിൽ ഇപ്പോഴത്തെ സംഭരണശേഷി അപ്പർ റൂൾ ലെവലിനു വളരെയധികം താഴെയാണ്. ആയതിനാൽ ഈ ജലസംഭരണികളിൽ നിന്നും ജലം തുറന്ന് വിടേണ്ടതായ സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല.
ALSO READ: Cyclone Gulab: ആന്ധ്ര-ഒഡീഷ തീരങ്ങളിൽ വ്യാപക നാശം; കേരളത്തിലും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
മറ്റൊരു പ്രധാന ജലസംഭരണിയായ കക്കിയിൽ ഇപ്പോൾ 79.38% സംഭരണശേഷി നിറഞ്ഞു കഴിഞ്ഞു. ഇവിടെ അപ്പർ റൂൾ ലെവലിലേക്ക് എത്താൻ ഇനിയും 1.15 മീറ്റർ (16.42 ദശലക്ഷം ഘനമീറ്റർ) അവശേഷിക്കുന്നുണ്ട്. ഇപ്പോൾ ശബരിഗിരി പദ്ധതിയിൽ ഈ ജലസംഭരണിയിൽ നിന്നുള്ള ജലം ഉപയോഗിച്ച് പരമാവധി ശേഷിയിൽ വൈദ്യുതി ഉൽവാദിപ്പിക്കുന്നുണ്ട്.
ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങൽക്കുത്ത്, മൂഴിയാർ ജലസംഭരണികൾ നിറഞ്ഞതിനെ തുടർന്ന് അവിടെ നിന്നും ജില്ലാ ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ നിയന്ത്രിതതോതിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പറമ്പിക്കുളം - ആളിയാർ കരാറിന്റെ ഭാഗമായ കേരളാ ഷോളയാറിൽ ഇപ്പോഴത്തെ മഴയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള രണ്ടു മെഷീനും പൂർണതോതിൽ പ്രവർത്തിപ്പിച്ച് ജലനിയന്ത്രണം നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഇവിടെ പൂർണജലനിരപ്പിലെത്താൻ ഇനിയും 1.60 അടി കൂടി വേണം. ആയതിനാൽ ഈ ജലസംഭരണി തുറക്കാനുള്ള സാധ്യത കുറവാണ്.
ALSO READ: Cyclone Gulab: തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴ, അതീവ ജാഗ്രതാ നിർദേശം
തമിഴ്നാട് സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം കെ എസ് ഇ ബി ലിമിറ്റഡിന്റെ ഡാം സുരക്ഷാ വിഭാഗം നിരന്തരം വിലയിരുത്തി വരുന്നുണ്ട്. നിലവിൽ പറമ്പിക്കുളം ജലസംഭരണിയിൽ നിന്നും 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ഇപ്പോൾ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. എന്നാൽ തമിഴ്നാട് ഷോളയാറിൽ നിന്ന് കേരളാ ഷോളയാറിലേക്ക് ഇപ്പോൾ ജലം ഒഴുക്കുന്നില്ല.
കേന്ദ്ര ജലകമ്മീഷന്റെ കീഴിലുള്ള അരങ്ങാലി എന്ന ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ 1.32 മീറ്റർ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ് (അപകടനില 8.10 മീറ്റർ). ആയതിനാൽ ചാലക്കുടി നദീതടത്തിൽ ആശങ്കാജനകമായ ഒരു അവസ്ഥ നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും ആന്ധ്രാ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊഴിയൂർ മുതൽ കാസർഗോഡ് വരെ കേരള തീരത്ത് രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്.
ALSO READ: Fisherman Alert|ശക്തമായ കാറ്റും, മോശം കാലാവസ്ഥയും മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുത്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മറ്റ് ഉപകരണങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...