Kerala rain: ദുരിതം വിതച്ച് പേമാരി; നാളെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala rain alerts: തൃശ്ശൂർ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വീശിയടിച്ച മിന്നൽചുഴലിയിൽ വൻ നാശനഷ്ടങ്ങളുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാളെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കും മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷം ശക്തമായ സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മണിമലയാർ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് തിരുവല്ലയിൽ വെള്ളം കയറി. ഫൈബർ ബോട്ടുകളിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. കോട്ടയത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്കിൽ അഞ്ചും കാഞ്ഞിരപ്പള്ളിയിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. നിലവിൽ 48 കുടുംബങ്ങളിലെ 159 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ALSO READ: കരകവിഞ്ഞൊഴുകി മണിമലയാർ; പ്രദേശവാസികൾ ക്യാമ്പുകളിലേക്ക്
മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ കേന്ദ്ര ജല കമ്മീഷൻ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
തൃശ്ശൂർ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മിന്നൽചുഴലിയിൽ വൻ നാശനഷ്ടമുണ്ടായി. ചാലക്കുടിയിൽ മൂന്ന് വാഹനങ്ങൾക്ക് മുകളിൽ മരം വീണു. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസമായി. ഇരിങ്ങാലക്കുടയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. ഇടുക്കി കൂവക്കണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ പഴശ്ശി ഡാമിൻ്റെ മുഴുവൻ ഷട്ടറുകളും 10 സെന്റി മീറ്റർ ഉയർത്തി. തിരുവല്ല നിരണത്ത് പുതുക്കി പണിയുന്ന സിഎസ്ഐ പള്ളി തകർന്നു. കാസർഗോഡ് തൃക്കണ്ണാട് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നു. അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ, മലപ്പുറം പൊന്നാനിയിൽ കടൽഭിത്തി നിർമ്മിക്കാത്തതിൽ നാട്ടുകാർ സബ് കളക്ടറെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് റവന്യൂ സംഘം സ്ഥലത്ത് നിന്ന് മടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...