തിരുവനന്തപുരം: കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ (Helicopter Crash) മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്റ് ഓഫീസർ (JWO) എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ (Kerala Government). പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായമായി കുടുംബത്തിന് 5 ലക്ഷം രൂപയും നൽകാൻ മന്ത്രിസഭ യോ​ഗത്തിൽ തീരുമാനമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനമായതായി റവന്യു മന്ത്രി കെ.രാജന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 


Also Read: JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം


റവന്യൂമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് -


ധീരജവാന്‍ ശ്രീ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കുനൂരിലെ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ജോലിക്കു പുറമേ ധനസഹായമായി 5 ലക്ഷം രൂപ നല്‍കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.


സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണ്. 2004 ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. അതിലുപരിയായി 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുകയാണ്. 


പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു അദ്ദേഹം. അച്ഛന്‍ ദീര്‍ഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും, സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും വേണ്ടി തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക.


Also Read: ഊട്ടി ഹലികോപ്റ്റർ ദുരന്തം; ബിപിൻ റാവത്തിനോടൊപ്പം കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും


ഡിസംബർ 8നായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്​. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു. തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഹെലികോപ്റ്ററില്‍ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പ്രദീപ് പങ്കെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.