കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കി. നാളെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യൂണിയനുകളോട് കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് അർധരാത്രി മുതലായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനിരുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു.


കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.


ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. 


പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്റാണെന്നും കോടതി നിരീക്ഷിച്ചു.