Doctor stabbed to Death: ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂ..രൂക്ഷവിമർശനവുമായി ഹൈക്കോടതി
Dr Vandana das Murder,High court Criticize government: ആക്രമണങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട ബാധ്യത പോലീസിനാണെന്നും അതെങ്ങനെയെന്ന് പറഞ്ഞു തരേണ്ടത് കോടതിയല്ലെന്നും വിമര്‍ശനം.
കൊച്ചി: വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുവെന്നും പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. രാജ്യത്തെങ്ങും അരങ്ങേറാത്ത സംഭവവികാസങ്ങളാണ് ഇവിടെ നടക്കുന്നതെന്നും കോടതി വിമർശിച്ചു. ഈ സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നാളെ രാവിലെ കോടതിക്കു നൽകണമെന്നു നിർദേശിച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയാണു നിർദേശം നൽകിയത്.
കൊലപാതകം നടന്ന ആശുപത്രി കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നേരിട്ട് സന്ദര്ശനം നടത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ. ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ചുമതല പോലീസിനാണെന്നും എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. വനിതാ ഡോക്ടറെ അടക്കം സ്ത്രീകൾക്ക് സംരക്ഷണം നൽകാനെങ്കിലും പൊലീസിനു സാധിക്കണമായിരുന്നു. 5 പൊലീസുകാർ ഉണ്ടായിരുന്നിട്ടും തടയാനായില്ല. ഡോക്ടർ വന്ദന നമ്മുടെ മകളാണ്. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കൂടാതെ ഡോക്‌റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി കുറ്റപ്പെടുത്തി.
ALSO READ: 'സന്ദീപ് പ്രതിയല്ല പരാതിക്കാരന്‍; പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു'എ.ഡി.ജി.പി.
അതേസമയം ഡോക്ടറെ കുത്തികൊലപ്പെടുത്തിയ സന്ദീപ് പ്രതിയായിരുന്നില്ല പരാതിക്കാരൻ ആയിരുന്നുവെന്ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. തന്നെ ആക്രമിക്കുകയാണെന്ന് പ്രതിയായ സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്.ഇതിനെത്തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ സന്ദീപിനെ അയാളുടെ വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള മറ്റൊരു വീടിന്റെ മുന്നിലാണ് കാണുന്നത്. പരിക്കേറ്റ സന്ദീപിനെ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പ്രതികരിച്ചു. കാട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അവിടെയുണ്ടായിരുന്ന എ.എസ്.ഐ. അടക്കം സംഭവത്തിൽ പ്രതികരിച്ചിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രധാന ആശുപത്രികളിലെല്ലാം പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.
പരിക്കുകൾ ഡ്രസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് യാതൊരു പ്രകോപനവും കൂടാതെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ആദ്യം ബന്ധുവിനെയാണ് ആക്രമിച്ചത്. തുടർന്ന് അവിടെ വെച്ചിരുന്ന കത്രിക കൈക്കലാക്കുകയും എല്ലാവരെയും കുത്താൻ വരുകയുമായിരുന്നു. ഇതിനിടെ എല്ലാവരും മറ്റൊരു റൂമിലേക്ക് മാറിയെങ്കിലും കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് മുറിയിലേക്ക് മാറാൻ പെട്ടെന്ന് സാധിച്ചില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു. വന്ദനയുടെ മുതുകിലായി ആറ് കുത്തുകളാണ് പ്രതി ഏൽപ്പിച്ചത്. സന്ദീപ് കഴിഞ്ഞ ദിവസം രാത്രി മുതൽ അക്രമാസക്തനാണെന്നാണ് നാട്ടുകാർ പറയുന്നത്. സന്ദീപിനെ നാട്ടുകാരാരും ആക്രമിച്ചില്ലെന്നും വ്യക്തമാക്കി.
അതേസമയം വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ. നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു.സർക്കാർ, സ്വകാര്യ മേഖലയിൽ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. കൂടാതെ ഹൗസ് സർജന്മാരും സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടാതെ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. അച്ഛന്റെയും അമ്മയുടേയും ഏക മകളായിരുന്നു വന്ദന. മകൾക്ക് അപകടം സംഭവിച്ചതറിഞ്ഞ് അവർ തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും വന്ദന മരണത്തിന കീഴടങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...