തിരുവനന്തപുരം:  കോവിഡ്‌  പ്രതിസന്ധി കണക്കിലെടുത്ത് 50%  വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് പിന്നീട്  കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഈ വിഷയത്തില്‍  സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. 


സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതോടെ ബസുകളില്‍ കൂടിയ നിരക്ക് തന്നെ ഈടാക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതു വരെയാണ് സ്റ്റേ. 12 രൂപയായിരുന്നു ബസുകളുടെ വര്‍ധിപ്പിച്ച മിനിമം ചാര്‍ജ്. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും ഇനി അധിക നിരക്ക് ഈടാക്കാം.


സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടിയിരുന്നത്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. 


കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് പല സ്വകാര്യ ബസുകളും സേവനം രണ്ടുദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍,  കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തുമെന്നും  സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.


സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി  റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ മാത്രമാണ് നല്‍കിയത്. മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടേണ്ട ആവശ്യമില്ല. ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും  ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ പ്രതികരിച്ചു.