കൊച്ചി: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ആര്‍സിസിയ്ക്ക് നോട്ടീസ് അയച്ചു. അതുകൂടാതെ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. 


ആര്‍സിസിയില്‍ ചികിത്സ ആരംഭിച്ച് മാസങ്ങള്‍ക്കു ശേഷമാണു ഒമ്പതുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. ആര്‍സിസിയുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടിക്ക് പൂര്‍ണ ചികിത്സാ സഹായം നല്‍കണമെന്നുമായിരുന്നു പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. അതുകൂടാതെ പെണ്‍കുട്ടിയ്ക്ക് കൊടുത്ത രക്തത്തിന്‍റെ ഘടകങ്ങള്‍ തന്നെ മറ്റ് മൂന്ന് പേര്‍ക്ക് കൊടുക്കാനുള്ള സാധ്യത നില നില്‍ക്കുന്നുവെന്നും അങ്ങനെയെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കുട്ടിയുടെ അച്ഛന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


പോലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും, രക്താർബുദം സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നും കുട്ടിക്കു രക്തം നൽകിയിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പോലീസ് കുട്ടിയുടെ രക്തപരിശോധന നടത്തിയ ലാബുകളില്‍ അന്വേഷണം നടത്തുകയാണ്. 


അതേസമയം, ആർസിസിയിലെ ചികിത്സാപ്പിഴവു മൂലമല്ല എച്ച്ഐവി ബാധിച്ചത് എന്ന് ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ. ശ്രീകുമാരി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആർസിസി നടത്തിയ അന്വേഷണത്തിലും സ്ഥാപനത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.