മണ്‍വിള തീപിടുത്തം: പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പി.വാസുകി അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ വ്യാഴാഴ്ച്ച പുലര്‍ച്ചെയും അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുക മാത്രമാണ് ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉല്‍പാദന യൂണിറ്റിന്റെ മൂന്നാംനിലയില്‍ തീയും പുകയും ഉയര്‍ന്നത്. രണ്ടാം ഷിഫ്റ്റില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 120 പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തില്‍ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി.
രാജ്യാന്തര വിമാനത്താവളം, വിഎസ്എസ്‌സി, എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്‌നിശമന യൂണിറ്റുകളും തീ അണയ്ക്കാന്‍ എത്തി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അഗ്‌നിശമന യൂണിറ്റുകള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അര്‍ധരാത്രി പിന്നിട്ടിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞില്ല.
പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കല്‍ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിര്‍മിച്ച വേദിയും കത്തിയമര്‍ന്നു. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2 ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി.
പ്ലാസ്റ്റിക് ഫാക്ടറി കത്തിയതില്‍ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവു കുറയ്ക്കും.
കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലത്. വളരെ ഉയര്‍ന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ഇതു ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. മാത്രമല്ല അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.