മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും  ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരള സര്‍ക്കാരിന് സമാന്തരമായി മാഫിയസംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചിലഭാഗങ്ങള്‍. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ മാറ്റൊരു ഏജന്‍സിയുടെ അന്വേഷണവും സ്വീകാര്യമല്ല. അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാന്‍ തയ്യാറുകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളം കാണും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയും എഡിജിപിമാരും ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പ്രഹസന അന്വേഷണത്തില്‍  ഒരിക്കലും സത്യം പുറത്തവരില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും അതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിന്റെ പേര് ഇടനിലക്കാരന്‍ വെളിപ്പെടുത്തകയും ചെയ്യുന്നുണ്ട്.  ഈ വെളിപ്പെടുത്തല്‍ അതീവഗൗരവതരമാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശയാത്രകള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഈ വെളിപ്പെടുത്തലിനെ ലഘൂകരിച്ച് കാണാന്‍ സാധിക്കില്ല.


സ്വര്‍ണ്ണക്കടത്ത് പോലെ തന്നെ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് കള്ളപ്പണ ഇടപാടും. അത് സംബന്ധമായ കാര്യങ്ങളും ശബ്ദരേഖയിലൂടെ പുറത്ത് വന്നു.സാധാരണ ബ്രോക്കര്‍ മാത്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാജ് കിരണിന് എങ്ങനെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം ഉണ്ടായത്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ നിരന്തരമായി ബന്ധപ്പെട്ടിട്ടുണ്ടോ, അങ്ങനെയെങ്കില്‍ അത് എന്തിന് വേണ്ടി തുടങ്ങി കാര്യങ്ങളും പരിശോധിക്കേണ്ടതാണ്. 


സരിത്തിനെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ രഹസ്യ നീക്കം പോലും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിന് മുന്‍പ്  ബ്രോക്കറായ ഷാജ് കിരണിന് ലഭിക്കാനിടയുണ്ടായ സാഹചര്യം അന്വേഷിക്കണം. ഷാജ് കിരണിനെതിരെ ഇതുവരെ എന്തുകൊണ്ട് പോലീസ് നിയമനടപടി സ്വീകരിക്കുന്നില്ലായെന്നത് സംശങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്. ആഭ്യന്തരവകുപ്പിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇടനിലക്കാരാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്നിട്ടുള്ള എല്ലാ സംഭവങ്ങളിലും ദുരൂഹതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.