തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ചാനല്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണ്‌ എന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായും, അതുകൂടാതെ,  കേസന്വേഷിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ ഇന്നലെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 


രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണു പി.എസ് ആന്റണി കമ്മീഷന്‍ സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണു കമ്മീഷന്‍ റിപ്പോർട്ട് കൈമാറിയത്.


മേയ് 30നാണ് കമ്മിഷൻ നടപടികൾ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് തവണയായി ദീർഘിപ്പിച്ചു നൽകിയ കാലാവധി ഡിസംബർ 30വരെ ഉണ്ടായിരുന്നെങ്കിലും അതിനു മുൻപുതന്നെ കമ്മീഷൻ റിപ്പോർട്ട് നൽകുകയായിരുന്നു.


കാലാവധി അവസാനിക്കാൻ ഇനിയും ആഴ്ചകൾ ശേഷിക്കെയാണ് അന്വേഷണം പൂര്‍ത്തിയാക്കി പി എസ് ആന്റ്ണി കമ്മീഷൻ ഫോണ്‍കെണി കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത്. മന്ത്രിക്കെതിരായ പരാതിയുടെ നിജസ്ഥിതിയും ഗൂഢാലോചനയും അന്വേഷിച്ച കമ്മീഷൻ റിപ്പോര്‍ട്ടിൽ ശശീന്ദ്രനെതിരെ കാര്യമായ തെളിവുകള്‍ ഇല്ല എന്നാണ് സൂചന.


അതേസമയം, എ കെ ശശീന്ദ്രനെ കുടുക്കിയ ചാനലിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശയില്‍ പറയുന്നു. പൊതുഖജനാവിന് ചാനല്‍ വരുത്തിയ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കാനും ശുപാര്‍ശയുണ്ട്. 


അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ചാനല്‍ മന്ത്രിയെ കുരുക്കുകയായിരുന്നുവെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരായില്ലെന്നും പറയുന്നു. അതുകൂടാതെ പരാതിക്കാരിയോ പരാതി സംപ്രേക്ഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല.


ആവര്‍ത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജരായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നും കമ്മീഷൻ ചെയര്‍മാൻ പിഎസ് ആന്റണി പറഞ്ഞു. പരാതിക്കൊപ്പം മാധ്യമ ധാര്‍മ്മികത സംബമന്ധിച്ച വിലയിരുത്തലുകളും പ്രവര്‍ത്തന മാനദണ്ഢങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.


മന്ത്രിസഭയില്‍ എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കമ്മീഷന്‍റെ കണ്ടെത്തൽ എ.കെ.ശശീന്ദ്രനും പാർട്ടിക്കും നിർണായകമാണ്.