കൊച്ചി: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അടുത്ത മാസം അഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാലക്ഷ്മി എന്ന സ്ത്രീയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത്. ഫോണ്‍കെണി കേസില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക പേടിച്ചിട്ടാണ് മൊഴി നല്‍കാത്തതെന്നും കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും ആവശ്യപ്പെട്ടാണ് മഹാലക്ഷ്മിയുടെ ഹര്‍ജി.


കേസില്‍ തുടര്‍നടപടികളാരംഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനോട് ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 


തിരുവനന്തപുരം സിജെഎം കോടതി കേസ് തീര്‍പ്പാക്കിയതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.


സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമമായി ഒരു തീര്‍പ്പുണ്ടാക്കുക. അതിനിടെ, ഒരു മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഫോണ്‍വിളിക്കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.