തിരുവനന്തപുരം ∙ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ ഡാം നിർമിക്കേണ്ടത് കേരളവും തമിഴ്നാടും ചേർന്നാണ്. കേരളത്തിന് ഒറ്റക്ക് ഡാം നിർമിക്കാനാവില്ല. അതിന് തമിഴ്നാടിന്‍റെ സഹകരണം കൂടി വേണം. ചർച്ചയിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത്.അയൽക്കാരുമായി നല്ല ബന്ധം വേണം. അതിനായാണ് സർക്കാർ നിലകൊള്ളുന്നതെന്നും പിണറായി പറഞ്ഞു.


അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്നും പിണറായി പറഞ്ഞു. അഴിമതിക്കാര്‍ പുതിയ അടവുകളുമായി രംഗത്ത് എത്തുന്നുണ്ട്. തെറ്റു ചെയ്തവർ ശിക്ഷ നേരിടേണ്ടിവരുന്നത് സർക്കാറിന്‍റെ പ്രതികാര നടപടിയായി കാണേണ്ട ആവശ്യമില്ല. ആരോടും  പ്രതികാരം ചെയ്യാനല്ല അധികാരത്തിലെത്തിയത്. അഴിമതി കാണിച്ചവർ ആരായാലും നിയമനടപടി നേരിടേണ്ടിവരും. നിയമനടപടി നേരിടുന്നവരെ വഴിവിട്ട് സഹായിക്കില്ലെന്നും പിണറായി പറഞ്ഞു.