ചെറുതോണി: ജലനിരപ്പ് ഉയർന്നു കുതിക്കുന്ന ഇടുക്കി അണക്കെട്ടില്‍ 12 മണിവരെയുള്ള കണക്കുകൾ പ്രകാരം 2394.70 അടിയായി ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിക്കാൻ വെറും 0.3 അടി മാത്രം ശേഷിക്കേ വെള്ളം പോകേണ്ട റൂട്ട് മാപ്പ് തയ്യാറായിക്കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളം പോകുന്ന വഴികള്‍
 
ചെറുതോണി പുഴയിലൂടെ ഒരു കിലോമീറ്റർ ഒഴുകി പെരിയാറിൽ ചേർന്ന് തട്ടേക്കണ്ണി, കിരിത്തോട്, പാംബ്ല, കരിമണൽ, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട്, പാണംകുഴി, മലയാറ്റൂർ, കോടനാട്, കാലടി, ചേലാമറ്റം, ആലുവ വഴിയാണ് വെള്ളം ഒഴുകി പോകേണ്ടത്. 


ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. 


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറിയേക്കാമെന്നും ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.


പെരിയാറിൽ അവസാനം നിലകൊള്ളുന്ന ഭൂതത്താൻകെട്ട് ഡാമിന്‍റെ 13 ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അപകട സാദ്ധ്യത കുറവാണെന്നാണ് എൻജിനീയർമാര്‍ വിലയിരുത്തുന്നത്. വെള്ളത്തിന്‍റെ തോതും ഡാമിൽ കുറവാണ്.


ഇടുക്കി ഡാമിന് ഷട്ടറുകളില്ല 


ഇടുക്കി ഡാമില്‍ ഷട്ടറുകളില്ലാത്തതിനാല്‍ തുറക്കുന്നത് ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ്. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. ഇവയില്‍ മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുക. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 10–15 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക.


മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്. ഉരുക്കുവടത്തിൽ കാർഡിയം കോംപൗണ്ട് പൂശി, അണക്കെട്ടിലെ ഷട്ടറുകളെല്ലാം കെഎസ്ഇബി മിനുക്കിയിട്ടുണ്ട്. ഗിയർ സിസ്റ്റത്തിൽ ഗ്രീസ് പുരട്ടി കാത്തിരിക്കുകയാണ് കെഎസ്ഇബി.


മൂന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍


മൂന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് കെഎസ്ഇബി നൽകുക. ജലനിരപ്പ് 2390 അടിയിലെത്തിയപ്പോൾ ആദ്യത്തെ ജാഗ്രതാ നിര്‍ദ്ദേശം ഗ്രീൻ അലർട്ട് നൽകി. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നായിരുന്നു ഈ നിര്‍ദ്ദേശം.


2395 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകാനായിരുന്നു ആദ്യ നിർദേശം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ യോഗം ചേർന്ന് ഈ തീരുമാനം മാറ്റി. 


2395 അടിയിലെത്തുമ്പോൾത്തന്നെ റെഡ് അലർട്ട് നൽകാനാണ് പുതിയ തീരുമാനം.