കനത്ത മഴ: ഇടുക്കി ഡാം നാല് മണിക്ക് തുറക്കും
ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി ഒരു സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.
ഇടുക്കി: ഇടുക്കി ഡാം നാല് മണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറക്കുക. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി ഒരു സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാറില്‍ മഴ കനക്കുകയാണ്. ജലനിരപ്പ് 131.4 അടിയായി. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുകയാണ്. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
പത്തനംതിട്ട കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകളും തുറക്കും. പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തെന്മല ഡാം തുറന്നു.
തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് ശേഷം തുറക്കും, പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചു.