Idukki Murder| യാദൃച്ഛിക സംഭവത്തിന്റെ പേരില്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല- പ്രതിപക്ഷ നേതാവ്
സംഭവം ഏതെങ്കിലും ഗൂഡാലോചനയുടെ പുറത്തോ പാര്‍ട്ടി നേതാക്കളുടെ അറിവോടെയോ അല്ലെന്നത് എല്ലാവര്‍ക്കും അറിയാം
തിരുവനന്തപുരം: ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസോ യു.ഡി.എഫോ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. കാലങ്ങളായി കാമ്പസുകളില്‍ വ്യാപകമായി അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ നടന്ന സംഭവം ഏതെങ്കിലും ഗൂഡാലോചനയുടെ പുറത്തോ പാര്‍ട്ടി നേതാക്കളുടെ അറിവോടെയോ അല്ലെന്നത് എല്ലാവര്‍ക്കും അറിയാം. പുതിയ കെ.പി.സി.സി പ്രസിഡന്റ് വന്നതു കൊണ്ടാണ് കൊലപാതകമുണ്ടായതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം കെ. സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.
കേരളത്തിലെ കാമ്പസുകളില്‍ വ്യാപകമായ അക്രമണമാണ് എസ്.എഫ്.ഐ നടത്തുന്നത്. കെ.എസ്.യു ആയതുകൊണ്ട് മാത്രം നിരവധി കുട്ടികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാമ്പസുകളിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം.
കൊല്ലാനും വെട്ടാനും പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിശീലനം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. തീവ്രവാദ സംഘടനകളേക്കാള്‍ ആസൂത്രിതമായാണ് അവരുടെ പ്രവര്‍ത്തനം. വാടക ഗുണ്ടകളെ ഉപയോഗിക്കുക, ആയുധവും വാഹനവും നല്‍കുക, രക്ഷപ്പെടാന്‍ വഴിയൊരുക്കുക, പ്രതികള്‍ക്ക് അഭയം നല്‍കാന്‍ ഏരിയാ കമ്മറ്റികളെ നിയോഗിക്കുക, കൊലപാതകത്തില്‍ പങ്കെടുക്കാത്തവരെ പ്രതികളാക്കി പ്രത്യുപകാരമായി ബന്ധുക്കള്‍ക്ക് ജോലി നല്‍കുക; ഇതൊക്കെയാണ് സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്.
യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല. രാഷ്ട്രീയ കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്നയാളാണ് കോടിയേരി ബാലകൃഷ്ണന്‍. അവരുടെ കുടുംബത്തില്‍പ്പെട്ടവരെ സഹായിക്കുന്നതും സി.പി.എമ്മാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...