തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവ് നാളെ പുറത്തിറക്കും. നിയമോപദേശകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണത്തിന്‍റെ ചുമതല.


COMMERCIAL BREAK
SCROLL TO CONTINUE READING

ജയരാജന്‍ സ്വജനപക്ഷപാതം കാണിച്ച് അഴിമതി നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. 42 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.


ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ യൂണിറ്റിലെ എസ്പി കെ രവികുമാറിനാണ് അന്വേഷണ ചുമതല.  പ്രാഥമിക അന്വേഷണവും ത്വരിത പരിശോധനയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതിന് ശേഷമാകും ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്വേഷണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കും.


ജയരാജനെതിരെ വിജിലൻസ്‌ അന്വേഷണം വേണോ, വേണ്ടയോ എന്നുളള നിർണായക തീരുമാനം കൈക്കൊള്ളുന്നതിന്‌ മുന്നോടിയായി വിജിലൻസ്‌ ഡയറക്ടർ നിയമോപദേശകരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇതില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 1ഡിയും 15 പ്രകാരവും കേസെടുക്കാമെന്നാണു നിയമോപദേശം. 


പൊതു പ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിനു നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണു വകുപ്പിന്റെ ഉള്ളടക്കം.


വിവാദത്തെ തുടര്‍ന്ന് ഇന്നലെ മന്ത്രി ഇ പി ജയരാജന്‍ ഇന്നലെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഉച്ചയോടെ തീരുമാനം പുറത്തു വരുമെന്നാണ് കരുതുന്നത്. ഇ പി ജയരാജനൊപ്പം വിവാദത്തില്‍ കുടുങ്ങിയ പി കെ ശ്രീമതിയുടെ ഇടപെടലും സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.


ആരോപണത്തിൽ ജയരാജനെതിരെ അന്വേഷണം നടത്തുന്നത്‌ സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, നിലപാട്‌ ഇന്ന്‌ അറിയിക്കാൻ തിരുവനന്തപുരം വിജിലൻസ്‌ കോടതി ഇന്നലെ വിജിലൻസ്‌ ഡയറക്ടർക്ക്‌ നിർദേശം നൽകിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രി ഇ പി ജയരാജനും വ്യവസായ വകുപ്പ്‌ സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട്‌ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ്‌ കോടതിയുടെ നിർദ്ദേശം.