IMAX Ticket price: ഇനി സാധാരണക്കാർക്കും ഐമാക്സിൽ സിനിമ കാണാം; ടിക്കറ്റ് നിരക്കിൽ വൻ കുറവ്
IMAX Ticket price in Trivandrum: 830 രൂപയായിരുന്നു തിരുവനന്തപുരത്തെ പിവിആർ ഐമാക്സിലെ മിനിമം ടിക്കറ്റ് നിരക്ക്. എന്നാൽ പിവിആറിന്‍റെ മുംബൈയിലും ചെന്നൈയിലുമുള്ള പല ഐമാക്സ് തിയേറ്ററുകളിലും ടിക്കറ്റ് തുക 600ൽ താഴെയാണ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ പ്രവർത്തനമാരംഭിച്ചപ്പോൾ ഉയർന്നുവന്ന ഒരു പ്രധാന പരാതി ടിക്കറ്റ് നിരക്കിനെ സംബന്ധിച്ചായിരുന്നു. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം ഐമാക്സിലെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരുന്നു. 830 രൂപയായിരുന്നു തിരുവനന്തപുരത്തെ പിവിആർ ഐമാക്സിലെ മിനിമം ടിക്കറ്റ് നിരക്ക്. എന്നാൽ പിവിആറിന്‍റെ മുംബൈയിലും ചെന്നൈയിലുമുള്ള പല ഐമാക്സ് തിയേറ്ററുകളിലും ടിക്കറ്റ് തുക 600ൽ താഴെയാണ്.
തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത് കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റര്‍ ആയതുകൊണ്ടും നിലവിൽ അവധിക്കാലം ആയതുകൊണ്ടുമായിരുന്നു ഐമാക്സിൽ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. കേരളത്തിലെ ക്രിസ്മസ് പുതുവത്സര അവധിക്കാലം അവസാനിക്കുന്ന ജനുവരി ഒന്നിന് ശേഷമാണ് പുതുക്കിയ ടിക്കറ്റ് നിരക്ക് ഐമാക്സിൽ നിലവിൽ വരിക. ജനുവരി രണ്ട് മുതൽ ഐമാക്സിലെ മിനിമം ടിക്കറ്റ് നിരക്ക് 530 ആണ്. ആദ്യം ഐമാക്സിൽ ഈടാക്കിയിരുന്ന തുകയേക്കാൾ ഏതാണ്ട് 300 രൂപയോളം കുറവാണ് ഈ പുതുക്കിയ തുക.
ക്ലാസിക് സീറ്റുകൾക്കാണ് 530 രൂപ ടിക്കറ്റ് നിരക്ക്. ഈ സീറ്റുകൾ തിയേറ്ററിന്‍റെ മുൻ ഭാഗത്തായാണ് വരുന്നത്. ഇതിന് പിന്നിലായുള്ള പ്രൈം സീറ്റുകൾക്ക് 630 രൂപയാണ് ടിക്കറ്റ് നിരക്ക്. ഐമാക്സ് തിയേറ്ററിന്‍റെ ഏറ്റവും പിന്നിലെ റിക്ലൈനർ സീറ്റിന് 830 രൂപയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. എന്നാൽ ഈ കുറഞ്ഞ ടിക്കറ്റ് തുക ഐമാക്സ് തിയേറ്ററിൽ രാവിലെ 6.45 ന് ഉള്ള പ്രദർശനത്തിന് മാത്രമേ ഈടാക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. രാവിലെ 10.45 മുതൽ ടിക്കറ്റ് നിരക്ക് 100 രൂപ വീതം വർദ്ധിക്കുന്നുണ്ട്. 10.45 ന്‍റെ പ്രദർശനത്തിന് ക്ലാസിക് സീറ്റുകൾക്ക് 630 രൂപയും പ്രൈം സീറ്റുകൾക്ക് 730 രൂപയും റിക്ലൈനർ സിറ്റുകൾക്ക് 930 രൂപയുമാണ് ഐമാക്സിൽ ഈടാക്കുന്നത്.
ഉച്ചയ്ക്ക് 2.45 ന്‍റെ പ്രദർശനത്തിന് ഈ നിരക്കില്‍ വീണ്ടും മാറ്റം ഉണ്ടാകുന്നുണ്ട്. ക്ലാസിക് സീറ്റുകൾക്ക് 730 രൂപയും പ്രൈം സിറ്റുകൾക്ക് 830 രൂപയും റിക്ലൈനർ സീറ്റുകൾക്ക് 1030 രൂപയുമാണ് ഈ പ്രദർശനത്തിന് ഈടാക്കുന്നത്. എന്നാൽ വൈകിട്ടും രാത്രിയിലും ഐമാക്സ് തീയറ്റർ തുറന്ന സമയത്തുള്ള അതേ ടിക്കറ്റ് നിരക്കാണ് നിലവിലുള്ളത്. ക്ലാസിക് ടിക്കറ്റിന് 830 രൂപ, പ്രൈം ടിക്കറ്റിന് 930 രൂപ, റിക്ലൈനർ സീറ്റിന് 1230 രൂപ എന്നിങ്ങനെയാണ് ഈ നിരക്ക്. ഇതേ മാതൃകയിലാണ് ഇന്ത്യയിലെ മറ്റ് മെട്രോകളിലും ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഈടാക്കാറുള്ളത്. നിലവിൽ തിരുവനന്തപുരത്ത് പ്രദർശിപ്പിക്കുന്നത് ഐമാക്സ് 3ഡി ചിത്രമായ അവതാർ ദി വേ ഓഫ് വാട്ടറാണ്. അടുത്ത പ്രധാനപ്പെട്ട ഐമാക്സ് റിലീസ് ജനുവരി 25 ന് പുറത്തിറങ്ങുന്ന പഠാനാണ്. അത് ഒരു സാധാരണ ഐമാക്സ് ചിത്രം ആയതിനാൽ തിരുവനന്തപുരത്തെ പിവിആർ ഐമാക്സിലെ ടിക്കറ്റ് നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...