പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ സസ്പെന്‍ഡ് ചെയ്തത്
കൊല്ലം: ചവറയില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ (CPM Branch secretary) സസ്പെൻഡ് ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ ബിജു തെറ്റുകാരനല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം (District Committee) രംഗത്തെത്തിയെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്നാണ് നടപടി.
സിപിഎം രക്തസാക്ഷി സ്മാരക നിര്‍മ്മാണത്തിന് പണം നല്‍കിയില്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാര്‍ട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പാര്‍ട്ടി കൊടി കുത്തുമെന്നാണ് ബിജു വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. ബിജുവും വ്യവസായിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു. 10 കോടി ചിലവിട്ടാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്.
ALSO READ: വ്യവസായികളെ ഭീഷണിപ്പെടുത്തരുതെന്ന് മന്ത്രി വി.ശിവൻകുട്ടി,ശ്രദ്ധയിൽപ്പെട്ടാൽ നടപടി
അമേരിക്കന്‍ മലയാളിയായ ഷാഹി വിജയന്റെ സഹോദരന്റെ മകനുമായാണ് ബിജു ഫോണില്‍ സംസാരിച്ചത്. സിപിഎം ചവറ എല്‍സി (Local Committee) മെമ്പര്‍ എന്ന് പരിചയപ്പെടുത്തിയാണ് ബിജുവിന്റെ ഫോണ്‍ കോള്‍ തുടങ്ങുന്നത്. ശ്രീകുമാര്‍ മന്ദിരത്തിനായി 10,000 രൂപയുടെ പിരിവ് എഴുതിയിട്ടിട്ട് രണ്ട് വര്‍ഷമായി. നിങ്ങള്‍ വരുമ്പോഴൊക്കെ കളിയാക്കി വിടുകയാണെന്ന് ബിജു ഫോണ്‍ കോളില്‍ പറയുന്നു. ഇനി പിരിവ് വേണ്ട. ഓഡിറ്റോറിയം നില്‍ക്കുന്ന 72 സെന്റ് വസ്തു അല്ലാതെ ബാക്കി സ്ഥലത്ത് ഒരു ലോഡ് മണ്ണ് പോലും ഇടില്ല. നാളെ രാവിലെ അവിടെ കൊടുകുത്താന്‍ പോവുകയാണ്. നാളെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തഹസില്‍ദാറും അവിടെ വരും എന്നായിരുന്നു ഫോണ്‍ കോള്‍ സംഭാഷണം.
ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടായിരുന്നു സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയുണ്ടായത്. വ്യവസായി തനിക്ക് തരാമെന്നു പറഞ്ഞ പണമാണ് താന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ വാദം. നോക്കുകൂലിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...