തിരുവനന്തപുരം: സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരാമര്‍ശിച്ചുകൊണ്ടാണ് കമ്മീഷന്‍ ഈ ആശങ്ക പങ്കുവച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യവും മയക്കുമരുന്നും ഗാര്‍ഹികാന്തരീക്ഷം അത്യന്തം സങ്കീര്‍ണമാക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്‌നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മീഷന്‍ കൗണ്‍സലിങിന് സൗകര്യമൊരുക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്, കൊച്ചി മേഖലാ ഓഫീസുകളിലും കൗണ്‍സലര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാണെന്നും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.  


 സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവ് പുറത്താക്കിയതിനെ തുടര്‍ന്ന് യതീംഖാനയില്‍ അഭയം തേടിയ യുവതിക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായി വീട്ടില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കാന്‍ വനിതാശിശു സംരക്ഷണ ഓഫീസര്‍ക്ക് വനിതാകമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വായ്പയെടുത്ത് നിര്‍മിച്ച വീട്ടില്‍ നിന്നാണ് ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടത്. സ്വന്തം വീട്ടില്‍ താമസിക്കാന്‍ അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും അതിന് പൂര്‍ണമായ സംരക്ഷണം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു.


ALSO READ: ഈ ജില്ലകളിൽ മഴ സാധ്യത! തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്


ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റികളില്ലാത്ത തൊഴില്‍ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇപ്പോഴുമുണ്ടെന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു. ഉള്ള സ്ഥാപനങ്ങളില്‍ പലേടത്തും സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപികമാരെ അന്യായമായി പിരച്ചുവിടുന്ന സാഹചര്യം കമ്മീഷന് മുന്നില്‍ പരാതിയായി വന്നിട്ടുണ്ട്. കാരണം കാണിക്കാതെ അധ്യാപികമാരെ പിരിച്ചുവിടുന്നത് ഗൗരവതരമായ പ്രശ്‌നമാണ്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ശനമായ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.


വിവാഹാലോചനയുടെ ഏത് ഘട്ടത്തിലും പെണ്‍കുട്ടിക്ക് പിന്‍മാറാനുള്ള അവകാശമുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. പ്രണയമാണെങ്കിലും അതേ അവകാശമുണ്ട്. കോട്ടയ്ക്കലില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ വീടിനുനേരെ യുവാവ് വെടിയുതിര്‍ത്ത സംഭവം പരാമര്‍ശിച്ചുകൊണ്ട് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 42 പരാതികളാണ് കമ്മീഷനുമുന്നില്‍ വന്നത്. 11 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടുകയും 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റുകയും ചെയ്തു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.