India Australia T20: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20
Greenfield International Stadium: മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക.
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം നടക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക.
ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പ് ഏകദിന പരമ്പരയും ലോകകപ്പിന് ശേഷം ട്വന്‍റി 20യുമായിരിക്കും നടക്കുക. 2023 ജനുവരി 15ന് ഇന്ത്യ-ശ്രീലങ്ക മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തില്‍ ഇന്ത്യ 317 റണ്‍സിന്‍റെ ജയം നേടിയിരുന്നു. സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്‌കോട്ട്) എന്നിവിടങ്ങളിലായാണ് ഏകദിന മത്സരങ്ങൾ നടക്കുക.
നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26(തിരുവനന്തപുരം), നവംബര്‍ 28(ഗുവാഹത്തി), ഡിസംബര്‍ 1(നാഗ്‌പൂര്‍), ഡിസംബര്‍ 3(ഹൈദരാബാദ്) എന്നിങ്ങനെയാണ് ഇന്ത്യ-ഓസീസ് ട്വന്‍റി 20 മത്സരങ്ങള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ഏറെ തിരക്കുപിടിച്ച മത്സരക്രമമാണ് ഇന്ത്യൻ ടീമിന് വരുന്നത്. 2023-24 ഹോം സീസണിന്‍റെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിരുന്നു.
മത്സരക്രമം ബിസിസിഐ ഫിക്‌സ്‌ചർ കമ്മിറ്റി അംഗീകരിച്ചു. ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനും ഇന്ത്യക്കെതിരെ ടി20 പരമ്പര കളിക്കാനെത്തും. ഇന്ത്യയിൽ വച്ചായിരിക്കും മത്സരം നടക്കുക. മൂന്ന് ട്വന്‍റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 11ന് മൊഹാലിയിലും 14ന് ഇന്‍ഡോറിലും 17ന് ബെംഗളൂരുവിലുമാണ് മത്സരങ്ങള്‍ നടക്കുക.
ഇതിന് ശേഷം 2024ല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായി ഇംഗ്ലണ്ട്, ഇന്ത്യയിലെത്തും. ഹൈദരാബാദ് (ജനുവരി 25-29), വിശാഖപട്ടണം (ഫെബ്രുവരി 2-6), രാജ്‌കോട്ട് (ഫെബ്രുവരി 16-19), റാഞ്ചി (ഫെബ്രുവരി 23-27), ധരംശാല (മാര്‍ച്ച് 7-11) എന്നിവിടങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...