കുളച്ചൽ യുദ്ധത്തിന്റെ സ്മരണ പുതുക്കി ഭാരതീയ കരസേന
1741 ജൂലായ് 31-ന് ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയതിന്‍റെ 281-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മദ്രാസ് റെജിമെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ കുളച്ചല്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കല്‍ ചടങ്ങ് നടന്നു.
തിരുവനന്തപുരം : തിരുവിതാംകൂര്‍ സേന 1741 ജൂലായ് 31-ന് ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയതിന്‍റെ 281-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മദ്രാസ് റെജിമെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ കന്യാകുമാരി ജില്ലയിലുള്ള കുളച്ചല്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. മുഖ്യാതിഥിയായ പാങ്ങോട് സൈനിക കേന്ദ്ര മേധാവി കുളച്ചല്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
വിരമിച്ച മുതിര്‍ന്ന സേനാംഗങ്ങളായ മേജര്‍ ജനറല്‍ VDI ദേവവാരം , മുന്‍സിപ്പല്‍ കമ്മീഷണര്‍ ശ്രീമതി.ജീവാ, കുളച്ചല്‍ ഡി.എസ്.പി ശ്രീ.തങ്കരാമന്‍, പള്ളി വികാരി ഫാദര്‍ ഡയോനിസിയസ് തുടങ്ങി നിരവധി പ്രമുഖര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുകയും പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു. നിരവധി വിരമിച്ച സൈനികരും, കുളച്ചല്‍ പ്രദേശവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തിരുവനന്തപുരത്ത് നിന്നും 68 കി.മീ തെക്ക്മാറി കന്യാകുമാരി ജില്ലയിലുള്ള പ്രകൃതിരമണീയമായ കുളച്ചല്‍ എന്ന കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന ഈ യുദ്ധ സ്മാരകം 1741 ജൂലായ് 31-ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ടവര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സേന കരയിലും കടലിലുമായുള്ള യുദ്ധത്തിലൂടെ ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയതിന്‍റെ സ്മരണ നിലനിര്‍ത്തുന്നു. തിരുവിതാംകൂർ സൈന്യം പിന്നീട് മദ്രാസ് റെജിമെന്റിന്റെ ഭാഗമായിത്തീർന്നതിനാൽ ഈ ഇതിഹാസ യുദ്ധവിജയത്തിന് മദ്രാസ് റെജിമെന്റിന് ചരിത്രപരമായ പ്രാധാന്യം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...