Prakash Javadekar: കേരളത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥ; ഇരുമുന്നണികളും കാരണക്കാരെന്ന് പ്രകാശ് ജാവദേക്കർ
Prakash Javadekar criticizes LDF and UDF: കേരളത്തിൽ നിന്ന് വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിൽ തേടി പുറത്തേക്ക് പോകുകയാണെന്ന് ജാവദേക്കർ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളാണെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അരശതമാനം മാത്രമേ കേരളത്തിന് കിട്ടിയിട്ടുള്ളൂ. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ കേരളം 28-ാമതാണ്. ബി.ആർ.എ.പി. റാങ്കിംഗിലും കേരളം ഏറ്റവും പിറകിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്ന് വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിൽ തേടി പുറത്തേക്ക് പോകുകയാണ്. ഇക്കാര്യങ്ങൾ കേരളം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോട്ടയത്ത് ബസുടമ രാജ്‌മോഹനും കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമ ഷാനും ആക്രമിക്കപ്പെട്ടത് ആശങ്കാജനകമാണ്. ഈ ആക്രമണങ്ങളിൽ സർക്കാർ കർശനമായ നടപടി എടുക്കേണ്ടിയിരുന്നുവെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ ഏത് വ്യവസായിയാണ് കേരളത്തിൽ നിക്ഷേപിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത്.
ALSO READ: ബെവ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കണം; പഞ്ചാബില്‍ നിന്ന് ഉന്നതസംഘം കേരളത്തില്‍
കിറ്റെക്‌സ് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് പോയി. കേരളത്തിൽ യൂണിറ്റ് തുടങ്ങാനിരുന്ന ബി.എം.ഡബ്ല്യു കമ്പനിയെ സ്വാഗതം ചെയ്തത് ഹർത്താലാണ്. അതോടെ അവർ മതിയാക്കി. 90,000 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്ന കൊച്ചി ഐ.ടി പാർക്ക് വഴി 3,000 പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ഹിന്ദുസ്ഥാൻ യൂണിലിവർ, സിയറ്റ് ടയേഴ്‌സ്, ഇല്‌ക്ട്രോ സ്റ്റീൽ തുടങ്ങിയ കമ്പനികളെല്ലാം കേരളത്തിൽ നിക്ഷേപിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ഇവരുടെ ഫാക്ടറികളിലെല്ലാം കേരളത്തിൽ നിന്നുള്ള യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. ഇരുമുന്നണികളും വെച്ചു പുലർത്തിയ വ്യവസായ സൗഹൃദമല്ലാത്ത നയങ്ങളാണ് ഇതിന് കാരണം. പശ്ചാത്തല സൗകര്യമില്ലാത്തതും അനാവശ്യമായ നിയന്ത്രണങ്ങളും സ്വകാര്യ സംരംഭകരോടുള്ള ശത്രുതാപരമായ മനോഭാവവുമാണ് കേരളത്തിൽ വ്യവസായം വളരാത്തതിന് കാരണം. ഈ നില തുടർന്നാൽ കേരളത്തിൽ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം ഇരട്ടിയാകുമെന്നും ജാവദേക്കർ പറഞ്ഞു.
മുസ്ലിം ലീഗും മറ്റും ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് നിർഭാഗ്യകരമാണെന്ന് ജാവദേക്കർ വ്യക്തമാക്കി. അംബേദകർ വിഭാവനം ചെയ്ത ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. ഇതൊരു മതപരമായ പ്രശ്‌നമല്ല, മറിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും തുല്യനീതിയുടെയും സ്വാഭിമാനത്തിന്റെയും പ്രശ്‌നമാണ്. നേരത്തെ ഏകീകൃത സിവിൽ നിയമത്തെ പിന്തുണച്ചിരുന്ന സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കളം മാറിയിരിക്കുകയാണ്. ഗോവയിലും പോണ്ടിച്ചേരിയിലും ഇപ്പോൾ തന്നെ ഏകീകൃത സിവിൽ നിയമമുണ്ട്. അവിടെ മുസ്ലീങ്ങൾക്ക് ഉൾപ്പെടെ ഒരു പരാതിയുമില്ല. പിന്നെ എന്തുകൊണ്ടാണ് ഈ പാർട്ടികൾ ഇതുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് ജാവദേക്കർ ചോദിച്ചു.
പൊതുസിവിൽ കോഡ് പ്രധാനമായും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയെക്കുറിച്ചാണ്. ഈ പാർട്ടികൾക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചോ അവരുടെ അഭിമാനത്തെക്കുറിച്ചോ വേവലാതിയില്ല. ലോ കമ്മിഷനാണ് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച നിർദ്ദേശങ്ങൾ ക്ഷണിച്ചത്. എല്ലാവർക്കും അഭിപ്രായം അറിയിക്കാം. ഇങ്ങനെയൊരു ജനാധിപത്യ പ്രക്രിയ നടക്കുമ്പോൾ കരട് പോലുമാകാത്ത നിയമത്തിനെതിരെ എന്തിനാണ് പലരും രംഗത്തുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിദഗ്ധർ പറയുന്നത് കുറച്ചുകാലം കഴിയുമ്പോഴേക്കും മാർഗനിർദ്ദേശ തത്വങ്ങളെ നിയമമാക്കി മാറ്റണമെന്നാണ്. ഇപ്പോൾ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ഉചിതമായ സമയം. ഷാബാനു കേസിനിടയിലും ഏകീകൃത സിവിൽ നിയമം വേണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. കോടതി അത് ആവർത്തിച്ചിരിക്കുന്ന കാര്യവും ജാവദേക്കർ എടുത്തുകാട്ടി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷും പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...