വഴിയിൽ കാട്ടാന; സമയത്ത് ആശുപത്രിയിലെത്തിക്കാനായില്ല; അടിമാലിയിൽ നവജാത ശിശു മരിച്ചു
കുഞ്ഞിന് പനി കലശലായതോടെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ കാട്ടാന ഉണ്ടെന്നറിഞ്ഞതോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇടുക്കി: ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. വാളറ കുളമാൻകുഴിക്കു സമീപം പാട്ടിയിടുമ്പുകുടിയിൽ രവി-വിമല ദമ്പതികളുടെ 22 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആദിവാസിക്കുടിയിൽ നിന്ന് ആശുപത്രിയിലെത്തിക്കാനുള്ള വഴിയിൽ കാട്ടാന ഇറങ്ങിയതാണ് ആശുപത്രിയിലെത്തിക്കാൻ കഴിയാതിരുന്നത്.
വെള്ളിയാഴ്ച രാത്രി 1 മണിയോടെ കുട്ടിക്ക് പനി കൂടി. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും വഴിയിൽ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടിയിൽനിന്നു 3 കിലോമീറ്റർ അകലെയാണ് വാളറ ദേശീയപാത. കുട്ടിയെ കയ്യിലെടുത്ത് നടന്ന് പോകുന്നതിനിടെയാണ് കാട്ടുപാതയിൽ ആനയുണ്ടെന്ന വിവരം അറിഞ്ഞത്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇവർ ശനിയാഴ്ച രാവിലെ തന്നെ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Also Read: Crime: തിരുവനന്തപുരത്ത് യുവാക്കൾക്ക് വെട്ടേറ്റു; ഗുണ്ടാനേതാവ് ആക്രമിച്ചെന്ന് മൊഴി
എന്നാൽ ആശുപത്രിയിൽ വെച്ച് കുട്ടി മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ന്യുമോണിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...