INS Vikrant Explainer: 60 വർഷം മുമ്പ് കണ്ടൊരു സ്വപ്നം; 333 നീലത്തിമിംഗലങ്ങളുടെ വലിപ്പവുമായി ഇന്ത്യയുടെ സ്വന്തം വിക്രാന്ത്
യുദ്ധമുഖങ്ങളിൽ ഇനി ഭാരതത്തിന്റെ ധീരയോദ്ധാവായി വിക്രാന്തുമുണ്ടാവും.ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് വിക്രാന്ത്
ആറ് പതിറ്റാണ്ട് മുമ്പ് ഇന്ത്യ കണ്ടൊരു വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സ്വന്തമായി നിർമ്മിക്കുന്നൊരു വിമാന വാഹിനി കപ്പൽ ആയിരുന്നു അന്ന് നമ്മുടെ രാഷ്ട്രം കണ്ട സ്വപ്നം. INS വിക്രാന്ത് എന്ന പടക്കപ്പലാണ് ആ സ്വപ്ന സാക്ഷാത്കാരമായി മാറുന്നത്. യോദ്ധാവ് എന്നാണ് വിക്രാന്ത് എന്ന പേരിന് അർത്ഥം. യുദ്ധമുഖങ്ങളിൽ ഇനി രാജ്യത്തിന്റെ ധീരയോദ്ധാവായി വിക്രാന്തുമുണ്ടാവും. ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് വിക്രാന്ത്.
2005ൽ ആണ് പ്ലേറ്റ് കട്ടിങ്ങ് ജോലികളിലൂടെ കപ്പലിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നീണ്ട 17 വർഷങ്ങൾ കൊച്ചിൻ ഷിപ്പ് യാർഡിൽ രാകിമിനുക്കപ്പെടുകയായിരുന്നു വിക്രാന്ത്. 2013ലാണ് ആദ്യമായി നീറ്റിലിറക്കുന്നത്. 2021 ആഗസ്റ്റിൽ സമുദ്ര പരീക്ഷണങ്ങൾ ആരംഭിച്ചു. 4 -ാം ഘട്ട സമുദ്ര പരീക്ഷണങ്ങളും വിജയിച്ച വിക്രാന്തിനെ 2022 ജൂലൈയിൽ നാവികസേനയ്ക്ക് കൈമാറി.
അറബിക്കടലിന്റെ റാണിയുടെ ഓളപ്പരപ്പുകളിൽ വിക്രാന്തിപ്പോൾ രാജ്യസേവനത്തിനൊരുങ്ങി കിടക്കുകയാണ്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയവുമാണ് വിക്രാന്തിനുള്ളത്. ഭാരം 45000 ടൺ. 333 നീലത്തിമിംഗലങ്ങളടെ വലിപ്പത്തിനോടുപമിക്കാം വിക്രാന്തിനെ.
യുദ്ധവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമായി മൂന്ന് വലിയ റൺവേകളുണ്ട്. 203, 141 മീറ്ററുകളുടെ 2 റൺവേകളിലൂടെ പോർവിമാനങ്ങൾ പറന്നുയരും. 190 മീറ്റർ റൺവേയാണ് ലാന്റിങ്ങിന് ഉപയോഗിക്കുക. 34 എയർക്രാഫ്റ്റുകൾ നിർത്തിയിടാനുള്ള സൌകര്യവും വിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനവും വിക്രാന്തിനുള്ളിലുണ്ട്.
പടക്കോപ്പുകളുമായി എപ്പോൾ വേണമെങ്കിലും പറന്നുയരാൻ കഴിയുന്ന 34 യുദ്ധവിമാനങ്ങൾ വിക്രാന്തിലുണ്ടാവും. മണിക്കൂറിൽ 52കിലോമീറ്റർ ആണ് വേഗം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, 24 മണിക്കൂർ പ്രവർത്തിക്കുന്ന കൂറ്റൻ അടുക്കള, ക്യാപ്റ്റൻ ബ്രിഡ്ജ്, എയർ ട്രാഫിക് കൺട്രോൾ തുടങ്ങി സംവിധാനങ്ങൾ അനവധിയാണ്.
14,000 ത്തോളം തൊഴിലാളികളാണ് വിക്രാന്തിന് ജന്മം നൽകിയത്. 1800 ക്രൂ അംഗങ്ങളാവും വിക്രാന്തിനെ നിയന്ത്രിക്കുക. പൂർണ്ണമായും തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. ഇതോടെ വിമാനവാഹിനി കപ്പൽ തദ്ദേശീയമായി നിർമ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...