Veena George: സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണം: മന്ത്രി വീണാ ജോർജ്
International women`s day 2024: ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണമെന്ന് വീണാ ജോർജ് വ്യക്തമാക്കി.
തിരുവനന്തപുരം: സ്ത്രീ ധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ ധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണം. എല്ലാവരും വിചാരിച്ചാൽ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണം. സ്ത്രീകളിലെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്തനാർബുദം കണ്ടെത്തുന്നതിനായി ഈ വർഷം പുതിയൊരു കാമ്പയിൻ ആരംഭിക്കുന്നതാണ്. ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിച്ചു വരുന്നു. സന്നദ്ധ സംഘടനകൾ, സ്വകാര്യ മേഖല എന്നിവരെക്കൂടി ഉൾപ്പെടുത്തിയായിരിക്കും കാമ്പയിൻ ആരംഭിക്കുക.
ALSO READ: ഉജ്ജ്വല ഗ്യാസ് സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍
'സ്ത്രീകളിൽ നിക്ഷേപിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ വനിതാ ദിനാചരണ സന്ദേശം. പതിറ്റാണ്ടുകൾക്ക് മുമ്പേ കേരളം ഇത് കൈവരിച്ചു. നവോത്ഥാന കാലഘട്ടത്തിലൂടെയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയുമാണ് ഇത് സാധ്യമായത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളാണ് മുമ്പിൽ. സർക്കാർ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലാണെങ്കിലും പൊതുവായ തൊഴിൽ രംഗം പരിശോധിക്കുമ്പോൾ സ്ത്രീ പങ്കാളിത്തം കുറവാണ്.
തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കൂടുതൽ മെച്ചപ്പെടുത്തണം. സ്ത്രീകളുടെ മുന്നേറ്റത്തിന് തടസമാകുന്ന വെല്ലുവിളികളെക്കൂടി കണ്ടെത്തണം. 90 ശതമാനം സ്ത്രീകൾക്കും കരിയർ ബ്രേക്ക് ഉണ്ടാകുന്നുണ്ടെന്നാണ് നോളജ് ഇക്കോണമി മിഷൻ കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ വകുപ്പ് നടത്തി വരുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചു. ജെൻഡർ ബജറ്റ് നടപ്പിലാക്കി. സ്ത്രീ ലിംഗത്തിൽ രാജ്യത്ത് ആദ്യമായി നിയമം പാസാക്കാൻ നമുക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും തമ്മിലുള്ള ഗ്യാപ് കുറയ്ക്കാനാണ് വകുപ്പ് പരിശ്രമിക്കുന്നത്. അമ്മ ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഹോസ്റ്റലുകളിൽ ക്രഷുകൾ കൂടി സ്ഥാപിച്ചു. ഏതാണ്ട് എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കി വരുന്നു. റീ സ്‌കില്ലിംഗ്, ക്രോസ് സ്‌കില്ലിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കി. നാം ലക്ഷ്യം വയ്ക്കുന്ന നവകേരളത്തിന് സ്ത്രീകളുടെ അവകാശങ്ങൾ സ്വാഭാവിക പ്രക്രിയിലൂടെ നേടിയെടുക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവർക്ക് വനിതാ രത്ന പുരസ്‌കാരം സമ്മാനിച്ചു. കുടുംബശ്രീയ്ക്കുള്ള പ്രത്യേക പുരസ്‌കാരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഏറ്റുവാങ്ങി. മികച്ച കളക്ടർമാർക്കുള്ള പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ ഏറ്റുവാങ്ങി. ഇതോടൊപ്പം ഐസിഡിഎസ് പുരസ്‌കാരവും വിതരണം ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി എന്നിവർ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.