New Delhi: BJPയുടെ ദേശീയ ഉപാദ്ധ്യക്ഷനായി  തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി എ. പി അബ്ദുള്ളക്കുട്ടി  (A P Abdullakutty).


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് ലഭിച്ച സ്ഥാനം ന്യൂനപക്ഷ സമൂഹത്തിനുള്ള അംഗീകാരമാണെന്ന്  എ . പി അബ്ദുള്ളക്കുട്ടി  പറഞ്ഞു.  പാർട്ടി ദേശീയ നേതൃത്വതോടും സംസ്ഥാന നേതൃത്വത്തോടും നന്ദി അറിയിക്കുന്നു. ദേശീയ പ്രസ്ഥാനത്തിലേക്ക് വൈകിയാണെങ്കിലും എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദേശീയ മുസ്ലീമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ ഭാരതീയ ജനത പാര്‍ട്ടിയ്ക്ക്  (BJP)വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എ. പി അബ്ദുള്ളകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഴിമതിയ്ക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്‍റെ മുന്നണിപ്പോരാളി ബിജെപിയാണെന്നും എ. പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.


"കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗത്തുമാത്രമല്ല സമരപോരാട്ടങ്ങളിലും ബിജെപി മുന്നിലാണ്. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയുന്നു. കേരളത്തിലെ പിണറായി സര്‍ക്കാരിന്‍റെ  അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്‍റെ  മുന്നണിപ്പോരാളി ബിജെപിയാണ്", എ. പി അബ്ദുള്ളക്കുട്ടി പറഞ്ഞു


'BJPയ്ക്ക്  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലും വലിയ സാധ്യതയുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്',  എ. പി അബ്ദുള്ളക്കുട്ടി പറഞ്ഞു.


ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി എ.പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ.പി അബ്ദുള്ളക്കുട്ടി. 


ബി.ജെ.പിയുടെ സംഘടനാ തലത്തലുള്ള അഴിച്ച് പണിയില്‍ കേരളത്തില്‍ നിന്നും എ.പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്‍റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ടോം വടക്കനെ ദേശീയ വക്താവായാണ്  തിരഞ്ഞെടുത്തിരിയ്ക്കുന്നത്.   23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  


കെ. സുരേന്ദ്രനെ സംസ്ഥാന  അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ സംസ്ഥാന  അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും  മുതിര്‍ന്ന വനിതാ നേതാവായ  ശോഭാ സുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.  എന്നാല്‍,  സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാ സുരേന്ദ്രനും  ഉള്‍പ്പെട്ടിട്ടില്ല.


Also read: മറുകണ്ടം ചാടിയവര്‍ BJP നേതൃനിരയില്‍..!! ദേശീയ ഉപാദ്ധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടി


കർണാടകയിൽ നിന്നുള്ള യുവ നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ ദേശീയ അദ്ധ്യക്ഷൻ. അതേസമയം ബി. എല്‍.  സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐടി, സാമൂഹിക മാധ്യമ ചുമതലയില്‍ അമിത് മാളവ്യ തുടരും.


മുന്‍പ്  ജനറല്‍സെക്രട്ടറിമായിരുന്ന രാം മാധവ്,  മുരളീധര്‍ റാവു എന്നിവരെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.