റായ്പൂര്‍: ഛത്തിസ്ഗഡില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ കോൺസ്റ്റബിളും കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശിയുമായ ബിജേഷാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി എസ്ബി ഉല്ലാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ റായ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 


ആക്രമണത്തില്‍ ബിജേഷ് ഉള്‍പ്പടെ ആറു പേരാണ് കൊല്ലപ്പെട്ടത്. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ഡിവിഷനിലെ നാരായണ്‍പുര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഡ്യൂട്ടി സംബന്ധിത തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. 


45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ശേഷം ഇയാളും സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. 


കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്.