ബാബരിയല്ല ഇത്....വെറുമൊരു മിന്നൽ മുരളി സെറ്റ് മാത്രം!
അന്ന് തകർന്നത് ബാബരിയാണെങ്കിൽ ഇന്ന് തകർന്നത് ഒരു സിനിമാ സെറ്റാണ്. എങ്കിൽ പിന്നെ ഇതെന്തിന് ബാബരിയുമായി ഉപമിക്കുന്നു എന്നല്ലേ.
അന്ന് തകർന്നത് ബാബരിയാണെങ്കിൽ ഇന്ന് തകർന്നത് ഒരു സിനിമാ സെറ്റാണ്. എങ്കിൽ പിന്നെ ഇതെന്തിന് ബാബരിയുമായി ഉപമിക്കുന്നു എന്നല്ലേ.
ചെറിയൊരു സാമ്യം ഇവിടെയുമുണ്ട്. അന്ന് ബാബരി തകർന്നത് മതവികാരത്തിന്‍റെ പേരിലാണെങ്കിൽ ഇന്ന് മിന്നൽ മുരളി സെറ്റ് തകർന്നതും അതേ
വികാരത്തെ ചൊല്ലിയാണ്.
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റാണ് കഴിഞ്ഞ ദിവസം
ചില സാമൂഹ്യ വിരുദ്ധർ തകർത്തെറിഞ്ഞത്. ഇതിൻ്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
എഎച്ച്‌പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തിയഹരി പാലോട് എന്ന വ്യക്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ച
കുറിപ്പുകൂടിയായപ്പോഴാണ് സംഭവത്തിന്‍റെ മറ്റൊരു മുഖം പുറത്തുവന്നത്.
രാഷ്ട്രീയ ബജ്‌രംഗദൾ പ്രവർത്തകരാണ് സെറ്റ് അടിച്ചുതകർത്തെന്നും മതവികാരം വൃണപ്പെടുത്തിയതിന്‍റെ പേരിലാണ് ഇത്തരം ഹീനപ്രവർത്തി
നടത്തിയതെന്നുമാണ് പോസ്റ്റിന്‍റെ ഉള്ളടക്കം.
'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു.
യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.
സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും,
മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.
മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തിയിരിക്കെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു ലക്ഷങ്ങൾ മുടക്കി കാലടി മണപ്പുറത്തു ക്രിസ്ത്യൻ
ദേവാലയത്തിൻ്റെ സെറ്റിട്ടത്. ഇതിൻ്റെ നിർമാണം പൂർത്തിയായതിന് തൊട്ടുപുറകേ ലോക്‌ഡൌൺ വരികയും ചിത്രീകരണം മുടങ്ങുകയുമുണ്ടായി.
പള്ളി പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് എഎച്ച്‌പി പ്രവർത്തകർ പ്രതിക്ഷേധം നടത്തിയിരുന്നു.
തുടർന്നാണ് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചുകയറി സെറ്റ് പൊളിച്ചുമാറ്റിയത്,
ഇതിനെതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രകമ്മിറ്റിയുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചതെന്നും,
പ്രൊഡ്യൂസഴ്സ് അസോസിയേഷനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ചിത്രത്തിൻ്റെ നിർമാതാവ് സോഫിയാ പോൾ പറഞ്ഞു.
തങ്ങളുടെ അനുമതിയോടെയാണ് സെറ്റ് നിർമിച്ചതെന്നും അത് പൊളിച്ചത് ശരിയായനടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രഭാരവാഹികളും
പോലീസിനെ സമീപിച്ചിട്ടുണ്ട്.
"എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോൾ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു
സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനിച്ചിരുന്നു"
സംവിധായകൻ ബേസിൽ ജോസെഫിന്റെ വാക്കുകളാണിവ. വളരെ വികാരനിർഭരമായിരുന്നു ബേസിലിൻ്റെ ഫേസ്ബുക് പോസ്റ്റ്.
അജു വർഗീസ്, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധിപേർ സംഭവത്തിൽ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ അറിയിച്ചു.
ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാഹൈന്ദവ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യത്തിൽ ഒരുപാട് ആശങ്കകൾ സൃഷ്ടിക്കുന്ന സംഭവമാണ് ഇപ്പോൾ അരങ്ങേറിയിട്ടുള്ളത്. അതും മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും ഉള്ള
അക്രമങ്ങളെ അപലപിക്കുന്ന അതേ മലയാളികൾ തന്നെ ഇതുപോലുള്ള നീചപ്രവർത്തികൾ ചെയ്യുമ്പോൾ. കലാസൃഷ്ടികൾ പോലും മതവെറികൾ
തകർത്തെറിയുമ്പോൾ ഒന്നോർക്കാം നാളെ ഇതിലും വലുത് നമ്മൾ കാണേണ്ടി വരും. ഇതുപോലുള്ള വർഗീയതയുടെ
വൈറസുകളെ വളരാൻ സമ്മതിക്കുകയാണെങ്കിൽ മറ്റൊരു ബാബരിയിലേക്കായിരിക്കും അത് നയിക്കുക.