കോട്ടയം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പളളികളിൽ വിധി നടപ്പാക്കാതിരിക്കാൻ പുതിയ തന്ത്രവുമായി 
യാക്കോബായ വിഭാഗം. പളളി തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സർക്കാരിനെ സമീപിച്ചു. 
ഭൂരിപക്ഷം നോക്കി പള്ളിഭരണം കൈമാറണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം. സെമിത്തേരി ഓർഡിനൻസിന് സമാനമായ 
രീതിയിൽ കോടതി വിധി മറികടക്കാനാണ്  യാക്കോബായ പക്ഷത്തിൻ്റെ നീക്കം. 
തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് യാക്കോബായ പക്ഷത്തെ പ്രീതിപ്പെടുത്താൻ സർക്കാർ, 
ഓർഡിനൻസ് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. പക്ഷെ വിധി നടപ്പാക്കാതെ പള്ളി തർക്കത്തിൽ നിയമനിർമാണം 
കൊണ്ടുവന്നാൽ കോടതിയിൽ നിന്ന് വീണ്ടും പ്രഹരമേൽക്കുമോയെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്. 
യാക്കോബായ വിഭാഗത്തെ പ്രീതിപ്പെടുത്തിയാൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, കോതമംഗലം, പിറവം മേഖലകളിൽ നേട്ടമുണ്ടാക്കാൻ 
കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. 
എന്നാൽ കോടതി വിധി നടപ്പാക്കാതെ ഓർഡിനൻസ് കൊണ്ടുവന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള പത്തനംതിട്ട ജില്ല, കോട്ടയം, ആലപ്പുഴ, 
എറണാകുളം, തൃശൂർ ജില്ലകളിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ തിരിച്ചടി ഉണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നുണ്ട്. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള, റാന്നി, തിരുവല്ല മണ്ഡലങ്ങളിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാർത്ഥികൾ 
വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഓർത്തഡോക്സ് പിന്തുണയോടെയായിരുന്നു. 


Also Read:''ആ വഞ്ചനയ്ക്ക് കൂട്ട് നിന്നവർ ഓരോന്നോരോന്നായി മാപ്പ് പറഞ്ഞ് നിലപാട് തിരുത്തേണ്ടിവരും''
എന്നാൽ ഓർഡിനൻസ് കൊണ്ടുവന്നാൽ ഈ മണ്ഡലങ്ങളിൽ വോട്ടുചോർച്ച ഉണ്ടാകുമെന്ന് ഉറപ്പാണ്. 
അതിനിടെ കോടതിവിധി അട്ടിമറിക്കാൻ സർക്കാരിനുമേൽ സമ്മർദ്ദമെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. 
ഓർഡിനൻസ് പുറപ്പെടുവിക്കാൻ യാക്കോബായ വിഭാഗം സമ്മർദ്ദം ചെലുത്തുന്നു. 
നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറാവരുതെന്ന് സഭാ വക്താവ് ഫാദർ ജോൺസ് എ കോനാട്ട് പറഞ്ഞു. 
കോടതിവിധി നടപ്പാക്കാൻ ഇടപെടൽ വേണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന കടുത്ത നിലപാടില്‍ തന്നെയാണ് ഓർത്തഡോക്സ് സഭ,
സഭയുടെ നിലപാടിന്‍റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു സഭാ വക്താവ് ഫാദർ ജോൺസ് എ കോനാട്ടിന്റെ പ്രതികരണം.