Jesna missing case: ജെസ്നയുടെ തിരോധാനം; നാല് വർഷം മുൻപ് കാണാതായ ജെസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്
ജെസ്നയുടെ ഫോട്ടോ, തിരിച്ചറിയാനുള്ള അടയാളങ്ങൾ, കേസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്റർപോളിന് കൈമാറി.
പത്തനംതിട്ട: പത്തനംതിട്ടയിലെ വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജെസ്ന മരിയയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റർപോൾ മുഖേനയാണ് സിബിഐയുടെ നീക്കം. ജെസ്നയെ കണാതായി നാല് വർഷം പിന്നിട്ടിട്ടും ഇത് സംബന്ധിച്ച യാതൊരു സൂചനകളും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സിബിഐയുടെ പുതിയ നീക്കം. ജെസ്നയുടെ ഫോട്ടോ, തിരിച്ചറിയാനുള്ള അടയാളങ്ങൾ, കേസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്റർപോളിന് കൈമാറി.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു. 2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
ALSO READ: Jesna Missing Case : ജെസ്‌ന തിരോധാനക്കേസ്; 4 വർഷത്തിന് ശേഷം സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്
പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പത്തനംതിട്ട പോലീസ് മേധാവിയായി കെജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജെസ്നയെ സംബന്ധിച്ച നിർണായക വിവരങ്ങൾ കിട്ടിയതായും വാർത്ത വന്നു. ജെസ്ന ജീവനോടെയുണ്ടെന്നും വാർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ നൽകാതെ ഡിസംബർ 31ന് കെജി സൈമൺ സർവീസിൽ നിന്ന് വിരമിച്ചു. ഇതിന് ശേഷം കേസ് 2021 ഫെബ്രുവരിയിൽ സിബിഐക്ക് കൈമാറി. തുടർന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 11നാണ് സിബിഐ കേസ് ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...