John Paul Demise : ജോൺ പോളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മന്ത്രിമാർ
സിനിമകളെല്ലാം വലിയ ഹിറ്റുകളാകുമ്പോഴും അതില്‍ കലയുടെ മൂല്യം ഇല്ലാതായി പോകരുതെന്ന് നിര്‍ബന്ധമുള്ള ചലച്ചിത്രകാരനായിരുന്നു ജോണ്‍ പോളെന്ന് വീണാ ജോർജ് പറഞ്ഞു.
തിരുവനന്തപുരം: തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്ന ജോൺ പോളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മന്ത്രിമാർ. ആരോഗ്യ മന്ത്രി വീണാ ജോർജും, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ ഫേസ്ബുക്കിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. സിനിമകളെല്ലാം വലിയ ഹിറ്റുകളാകുമ്പോഴും അതില്‍ കലയുടെ മൂല്യം ഇല്ലാതായി പോകരുതെന്ന് നിര്‍ബന്ധമുള്ള ചലച്ചിത്രകാരനായിരുന്നു ജോണ്‍ പോളെന്ന് വീണാ ജോർജ് പറഞ്ഞു. എഴുത്തിലും ചിന്തയിലും വാക്കിലും തന്റേതായ ശൈലിക്കുടമയായിരുന്നു ജോൺ പോൾ എന്നാണ് വി ശിവൻകുട്ടി കുറിച്ചത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്ക് വെച്ച കുറിപ്പ്
"ബഹുമാനത്തോടെയുള്ള വ്യക്തിബന്ധമുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു ജോണ്‍ പോള്‍. ഇന്ത്യാവിഷനിലായിരിക്കെ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു. സിനിമകളെല്ലാം വലിയ ഹിറ്റുകളാകുമ്പോഴും അതില്‍ കലയുടെ മൂല്യം ഇല്ലാതായി പോകരുതെന്ന് നിര്‍ബന്ധമുള്ള ചലച്ചിത്രകാരനായിരുന്നു ജോണ്‍ പോള്‍. നമ്മുടെ പ്രശസ്തരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വലിയ ദുഃഖം രേഖപ്പെടുത്തുന്നു. ജോണ്‍ പോളിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു."
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പങ്ക് വെച്ച കുറിപ്പ്
മലയാളത്തിൽ സമാന്തര - വിനോദ സിനിമകളെ ഇങ്ങനെ സമന്വയിപ്പിച്ച മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. എഴുത്തിലും ചിന്തയിലും വാക്കിലും തന്റേതായ ശൈലിക്കുടമയാണ് നമ്മെ വിട്ടുപിരിഞ്ഞ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ.
ജോൺപോളിന്റെ കഥാപാത്രങ്ങൾ തിയേറ്ററിൽ നിന്നിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കും. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ജോൺപോൾ ഒരോ സിനിമയിലും തന്റെ വ്യക്തിമുദ്ര കാത്തുവെച്ചു. ജോൺപോളിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തോടാണ് സംസാരിച്ചിരുന്നത്.
ആദരാഞ്ജലികൾ
ഗതാഗതമന്ത്രി ആന്റണി രാജു പങ്ക് വെച്ച കുറിപ്പ്
പ്രശസ്ത തിരക്കഥാകൃത്തും പ്രഭാഷകനും സാഹിത്യകാരനുമായ ജോൺ പോളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. മൗലികമായ ഒട്ടനവധി കഥാപാത്രങ്ങളെ ജോൺ പോൾ മലയാള സിനിമയ്ക്ക് സംഭാവന ചെയതു. മലയാള സിനിമയുടെ ചരിത്രം വസ്തുനിഷ്ഠമായി അദ്ദേഹം അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ തന്മയത്വത്തോടെ വാക്കുകളിൽ ഉൾക്കൊണ്ട രചയിതാവായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ സമസ്ത മേഖലകളിലും നിറ സാന്നിധ്യമായിരുന്ന ജോൺ പോൾ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ്. ജോൺ പോളിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പങ്ക് വെച്ച കുറിപ്പ്
കലാമൂല്യമുള്ള ജനപ്രിയ സിനിമകളുടെ സ്രഷ്ടാക്കളിൽ പ്രമുഖനായിരുന്നു ജോൺപോൾ. 1980 കളിൽ മലയാള സിനിമയിലുണ്ടായ ഭാവുകത്വപരമായ മാറ്റത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനി. എം.ടി. വാസുദേവൻ നായർ, കെ ജി ജോർജ്, ഭരതൻ, പത്മരാജൻ, മോഹൻ, ഐ വി ശശി, ഫാസിൽ, ജോൺ പോൾ തുടങ്ങിയവർ പ്രതിനിധാനം ചെയ്യുന്ന മധ്യവർത്തി സിനിമകളുടെ ശക്തമായ ഒരു ധാര മലയാളത്തിന്റെ എക്കാലത്തെയും വലിയ ഗൃഹാതുരത്വമാണ്. പുതിയ പ്രമേയങ്ങളും പുതിയ സാങ്കേതികവിദ്യകളും മാത്രമല്ല, പുതിയ അഭിരുചികളും പുതിയ ആസ്വാദനവും സിനിമയിൽ സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ പ്രതിനിധി കൂടിയാണ് ജോൺപോൾ. തിരക്കഥാകൃത്തായും എഴുത്തുകാരനായും അവതാരകനായും അധ്യാപകനായും നമുക്കിടയിൽ നിറഞ്ഞുനിന്ന ജോൺപോളിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...