കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍റെ പ്രവൃത്തികളെ കണക്കറ്റ് വിമര്‍ശിച്ച് ഹൈക്കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ സുരേന്ദ്രന്‍റെ ചെയ്തികള്‍ ന്യായീകരിയ്ക്കാനാവില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ശബരിമലയില്‍ പോയതെന്നും ശബരിമലയില്‍ എത്തുന്ന ആളുകള്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു.


കെ സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയില്‍ ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി വ്യക്തമാക്കി.


എന്നാല്‍ സര്‍ക്കാര്‍ സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ എതിര്‍ത്ത സുരേന്ദ്രന്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങളല്ല ചെയ്തതെന്നും സര്‍ക്കാര്‍ ഭാഗം വക്കീല്‍ ചൂണ്ടിക്കാട്ടി. കൂടാതെ, സ്ത്രീയ്ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതും സുരേന്ദ്രനാണെന്ന്‍ സര്‍ക്കാര്‍ വാദിച്ചു.


ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.
 
ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍ ജയിലിലാണ്. കഴിഞ്ഞ മാസം 18 നാണ് സുരേന്ദ്രന്‍ അറസ്റ്റിലാവുന്നത്.