K B Ganesh kumar: സമൂഹത്തില്‍ ഒരുപകാരവുമില്ലാത്തയാള്‍ക്ക് ഇത് പറയാൻ അർഹതയില്ല; വിനായകനെതിരെ ഗണേഷ്കുമാർ
K B Ganesh Kumar against Vinayakan: കോടതി സ്വമേധയാ വിനായകനെതിരെ കേസെടുക്കണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര: സമൂഹമാധ്യമങ്ങളിൽ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ പരാമർശത്തിന് നടന്‍ വിനായകനെതിരെ പ്രതികരണവുമായി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സമൂഹത്തില്‍ ഒരുപകാരവുമില്ലാത്തയാള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ അര്‍ഹതയില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ നടത്താന്‍ സാധിക്കൂ എന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെയാണ് ഒരാളുടെ നിലവാരമറിയാന്‍ സാധിക്കുന്നത്. പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവും വളരെ ദൗര്‍ഭാഗ്യകരവുമായ ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് ഇത് പറയാന്‍ യാതൊരു യോഗ്യതയുമില്ല, അര്‍ഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ. ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടും മദ്യപിച്ചും വൃത്തികേടുകള്‍ പറയുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടണം, എം.എല്‍.എ. വ്യക്തമാക്കി.
സാമൂഹികമാധ്യമത്തിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവുകാട്ടിയും വികാരം വ്രണപ്പെടുത്തിയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയെന്നുമാണ് പരാതി. എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ ഡി.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, തുടങ്ങിയവരാണ് വിനായകനെതിരെ പരാതി നൽകിയത്. സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിനും നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്കുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ALSO READ: ബിരിയാണി കഴിച്ച പണത്തെചൊല്ലി തർക്കം; അതേകടയിൽ വൈരാഗ്യം തീർക്കാൻ മോഷണം
നടനോട് കഴിഞ്ഞദിവസം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. ഇതേതുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ, വിനായകന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിനായകനോട് ക്ഷമിച്ചതായും കേസെടുക്കേണ്ടതില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...