തിരുവനന്തപുരം: ഉദ്ഘാടനത്തിന് മുന്നോടിയായി കെ-ഫോൺ പദ്ധതിയുടെ ​ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-ഫോൺ പദ്ധതി  കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കെ-ഫോണിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂ‌ടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം‌


കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി നാളെ നിലവിൽ വരികയാണ്. സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദൽ കൂടിയാണ് കെ-ഫോൺ. എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനും കെ-ഫോൺ വഴി സാധ്യമാകും.


ALSO READ: ആര് മാലയിട്ട് സ്വീകരിച്ചാലും പെൺകുട്ടിക്കൊപ്പം; സവാദ് വിഷയത്തിൽ പ്രതികരണവുമായി ശിവൻകുട്ടി


1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റർ നീളമുള്ള വലിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. ഇന്റർനെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോൺ. ഇതുവഴി ഹൈസ്പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ്‌ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.



30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെ-ഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. ഭരണ നിർവഹണത്തിന്റെ വേഗത്തിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെ-ഫോൺ നൽകുന്ന മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നൽകും. 


ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കടുക്കുകയാണ് നാം. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും. വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കേരളസമൂഹത്തിന്റെ പ്രധാന കാൽവെയ്പാണ് കെ-ഫോൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.