തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍. പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികയില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 23 ന് ആണ് കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. പുതുക്കിയ പട്ടികയില്‍ വനിതകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. വനിതകളുടെ എണ്ണം 17ല്‍നിന്ന് 28 ആയി. ദളിത് വിഭാഗത്തിന് 10% പ്രാതിനിധ്യമുണ്ട്.  ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.  


എന്നാല്‍ പഴയ പട്ടികയിൽനിന്ന് ഇരുപതോളം പേരെ ഒഴിവാക്കിയിട്ടുണ്ട്. മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടം നേടിയിട്ടില്ല. എന്നാല്‍ രാജ്മോഹൻ ഉണ്ണിത്താന്‍ പുതുക്കിയ പട്ടികയിൽ ഇടം നേടി. ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 


എസ്‌സി, എസ്ടി വിഭാഗങ്ങളിൽനിന്ന് ഏഴുപേരാണ് ആദ്യം നൽകിയ പട്ടികയിലുണ്ടായിരുന്നത്. പത്തുശതമാനം പ്രാതിനിധ്യം പാലിക്കാൻ പരാമവധി വനിതകളെ കണ്ടെത്തുകയായിരുന്നു. 


മുന്‍പ് കെപിസിസി പട്ടികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി വി.എം.സുധീരന് രംഗത്തെത്തിയിരുന്നു. പട്ടിക തയ്യാറാക്കുന്നതില്‍  രാഷ്ട്രീയ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടു. ഹൈക്കമാന്‍ഡിന്‍റെ അതൃപ്തിയെ മാനിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞിരുന്നു.


സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു. മുന്‍പ് സമര്‍പ്പിച്ച കെപിസിസി പട്ടികയില്‍ രാഹുല്‍ ഗാന്ധിയും എതിര്‍പ്പ് പ്രകടിപ്പിച്ചു.


പാർട്ടി ഭരണഘടന 33% സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടി നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അതൃപ്തി പുറമേ. പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രശ്നപരിഹാരത്തിനു പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.