K Rail : കെ റെയിൽ കല്ല് പിഴുതുമാറ്റിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസുമായി ഭൂവുടമ; കല്ല് തിരികെവെപ്പിച്ചു
കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഭൂമിയിൽ അതിക്രമിച്ച് കയറിയെന്ന് ഭൂവുടമ പരാതി നൽകിയതിനെ തുടർന്നാണ് കല്ല് തിരിച്ചിട്ടത്.
Kochi : കൊച്ചി തിരുവാണിയൂരിൽ കെ റെയിൽ പദ്ധതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റിയ കല്ല് ഭൂവുടമ തിരിച്ചിടീച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഭൂമിയിൽ അതിക്രമിച്ച് കയറി യെന്ന് ഭൂവുടമ പരാതി നൽകിയതിനെ തുടർന്നാണ് കല്ല് തിരിച്ചിട്ടത്. ചോറ്റാനിക്കര പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കല്ല് പുനഃസ്ഥാപിച്ചത്.
കെ റെയിൽ പദ്ധതിക്ക് വേണ്ടി കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുകയാണ്. ജനകീയ കൂട്ടായ്മകളെ കൂടാതെ കോൺഗ്രസ്, ബിജെപി പാർട്ടികളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ കല്ലിടുന്നത് തടയാൻ എത്തുന്ന പ്രതിഷേധക്കാരെ പലയിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. നിരവധി സ്ഥലങ്ങളിൽ കെ റയിലിനായി ഇടുന്ന കല്ലുകൾ നാട്ടുകാർ പിഴുത് മാറ്റുകയാണ്.
ALSO READ: K Rail : കെ റെയിലിനെതിരെ പ്രതിഷേധം ശക്തം; തിരൂരിൽ കല്ല് പിഴുതെറിഞ്ഞു
ചോറ്റാനിക്കരയിൽ പ്രതിഷേധക്കാരെ ഭയന്ന് സർവേ താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. എറണാകുളം ജില്ലയിൽ ശനിയാഴ്ച്ച സർവേ നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ കല്ല് പിഴുത്തെറിയുന്നത് തുടരുമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുന്ന പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കെ റെയിലിനെതിരെ കേരളത്തിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ഇപ്പോൾ നടന്ന വരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
പ്രതിഷേധം നടത്തുന്നവർ കേരളത്തിന്റെ വികസനത്തിന് തടയിടുകയെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. കോൺഗ്രസാണ് ഇതിന് മുന്നിൽ നിൽക്കുന്നതെന്നും, ബിജെപിക്കും വിഷയത്തിൽ സമാന നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്ക് കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക