K Rail Protest: കെ റെയിൽ പ്രതിഷേധം; നിശബ്ദത പാലിച്ച് ഇടത് ഘടകക്ഷികൾ, ഒളിയുദ്ധവുമായി സിപിഐയും കേരള കോൺഗ്രസും
പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്
തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും നിശബ്ദത പാലിക്കുന്ന ഇടതുമുന്നണിയയിലെ ഘടകക്ഷികളുടെ നിലപാട് ചർച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ 636 -മത്തെ നിർദ്ദേശമായിരുന്നു 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. പദ്ധതി നടപ്പാക്കുന്നത് എങ്ങനെയായിരിക്കുമെന്നും തിരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് വിശദീകരിച്ചിരുന്നു. പാരിസ്ഥിതികാഘാത പഠനം നടത്തി ആവശ്യമായ അനുമതികളും വാങ്ങി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുക എന്നായിരുന്നു പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നത്. അന്ന് പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്.
സിൽവർ ലൈൻ സർവേയുടെ അതിരടയാള കല്ലിടൽ നടപടികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നപ്പോൾ വലിയ പ്രതിഷേധങ്ങളുണ്ടായില്ല. എന്നാൽ കോൺഗ്രസിനും മുസ്ലീംലീഗിനും സ്വാധീനമുള്ള പഞ്ചായത്തുകളിൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. പ്രതിഷേധം ശക്തമാവുകയും അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. എന്നാൽ ഇതിനെ രാഷ്ട്രീയമായി നേരിടാനുറച്ചാണ് സിപിഎമ്മിന്റെ നീക്കം. സംസ്ഥാനത്ത് മികച്ച സംഘടനാ അടിത്തറയുള്ള സിപിഎമ്മിന്, പദ്ധതിയെക്കുറിച്ച് അതത് പ്രദേശത്തെ ജനങ്ങളെ യഥാസമയം ബോധ്യപ്പെടുത്താനാകാതെ പോയത് വലിയ വീഴ്ച്ചയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണമായതും ഈ വീഴ്ച്ചയാണെന്ന് നേതൃത്വം വിലയിരുത്തുന്നു.
മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ ഒളിഞ്ഞും തെളിഞ്ഞു പദ്ധതിക്കെതിരെ നടത്തുന്ന നീക്കങ്ങളിലാണ് സിപിഎമ്മിന് കൂടുതൽ അമർഷം. തുടക്കത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച സിപിഐ ഇപ്പോൾ ചുവടുകൾ പിന്നോട്ട് വച്ച് മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. നേരിട്ട് ഇടപെടുന്നതിന് പകരം മൺമറഞ്ഞ സിപിഐ നേതാക്കളുടെ മക്കളെകൊണ്ട് കെ റെയിലിനെതിരെ കത്തെഴുതിപ്പിച്ചതും സിപിഎം നിരീക്ഷിക്കുന്നുണ്ട്. സിപിഐയുടെ ഈ വിലപേശൽ തന്ത്രമാണ് മുന്നണിക്കുള്ളിലെ പ്രധാന ചർച്ചാ വിഷയം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന്റെ അമർഷത്തിൽ സിപിഐക്കെതിരെ ആദ്യ വെടിപൊട്ടിച്ചത് എൽജെഡി നേതാവ് ശ്രേയാംസ് കുമാറാണ്. സിൽവർ ലൈൻ വിഷയത്തിലെ സിപിഐ നിലപാട് ശ്രേയാംസ് കുമാർ എടുത്ത് പറയുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ പ്രതിഷേധങ്ങളെക്കുറിച്ച് മാറ്റൊന്നും പറയേണ്ട എന്ന നിലപാടിലാണ് എൽജെഡി.
മധ്യകേരളത്തിൽ കേരള കോൺഗ്രസിന് നിർണായക സ്വാധീനമുണ്ട്. സിൽവർലൈനിനെതിരെ പ്രതിഷേധം നടന്ന കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്തംഗമായ കേരളാ കോൺഗ്രസ് എം പ്രതിനിധി സമരക്കാർക്കൊപ്പമാണ് അണിനിരന്നത്. പലയിടങ്ങളിലും ജനങ്ങളെ പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്താതെ, ഇടതുഘടകക്ഷികളിൽപ്പെട്ട ജനപ്രതിനിധികൾ പ്രതിഷേധക്കാർക്ക് ഒപ്പം നിൽക്കുന്നതും സർക്കാരിനെതിരെ നിലപാടെടുക്കുന്നതും മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. എത് വിധേനയും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന നിശ്ചയദാർഢ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ