തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ല. സില്‍വര്‍ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 


ALSO READ: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡി.പി.ആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ- റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് വി ഡി സതീശൻ അറിയിച്ചു.


64000 കോടി രൂപയാണ് പദ്ധതി ചെലവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്? സര്‍വെയോ ജിയോളജിക്കല്‍ പഠനമോ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് ഇല്ലാതെ എങ്ങനെയാണ് 64000 കോടി ചെലവാകുമെന്ന് പറയുന്നത്. ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടിയാകുമെന്നാണ് 2018 -ല്‍ നീതി ആയോഗ് പറഞ്ഞത്. അതനുസരിച്ച് 2022 -ല്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകും. അഞ്ച് വര്‍ഷമോ പത്ത് വര്‍ഷമോ കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം കോടിയോ രണ്ടര ലക്ഷം കോടിയോ പദ്ധതിക്ക് വേണ്ടിവരും. 64000 കോടിയുടെ കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്. ചെലവ് കുറച്ച് കാണിക്കാന്‍ വേണ്ടി രേഖകളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. പ്രാഥമിക, അന്തിമ സാധ്യതാ പഠനം, വിശദ പദ്ധതി രേഖ എന്നിവയില്‍ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്ന സതീശൻ പറഞ്ഞു. 


ALSO READ : കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ, പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി വിജയൻ


530 കിലോ മീറ്റര്‍ ദൂരമുള്ള റെയിലില്‍ 328 കിലോമീറ്റര്‍ 35 മുതല്‍ 40 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിയുമെന്നും ബാക്കിയുള്ള സ്ഥലത്ത്, ഭൂമിയിലൂടെ പോകുമ്പോള്‍ ഇരുവശത്തും മതില്‍ കെട്ടിവയ്ക്കുമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. ബഫര്‍ സോണ്‍ ഇല്ലാതെ ഈ പദ്ധതി കൊണ്ടു പോകാന്‍ പറ്റുമോ? സാധാരണ റെയിലിന് രണ്ടു വശത്തേക്ക് 30 മീറ്ററാണ് ബഫര്‍ സോണ്‍. സില്‍വര്‍ ലൈനിന് റെയില്‍വെയുടെ നിബന്ധന പ്രകാരം ഇപ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു വശത്തേക്ക് 20 മീറ്റര്‍ ബഫര്‍ സോണ്‍ വേണ്ടി വരും. അതിവേഗ ട്രെയിനിന് കൂടുതല്‍ ബഫര്‍ സോണ്‍ വേണം. ഇങ്ങനെയുള്ള ബഫര്‍ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് സതീശൻ അറിയിച്ചു. 


50 സെന്റുള്ള ഒരാളുടെ സ്ഥലത്തിന്റെ മധ്യഭാഗത്തെ 20 സെന്റ് ഏറ്റെടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ള 30 സെന്റിന് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളായി മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.