റേഷൻ കടകൾ നവീകരിച്ച് ഷോപ്പിങ് സെന്റർ മാതൃകയിൽ കെ-സ്റ്റോറുകളാക്കും; പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി
K stores: ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുൾപ്പെടുത്തിയാണ് കെ സ്റ്റോറുകൾക്ക് രൂപം നൽകുക
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുൾപ്പെടുത്തിയാണ് കെ സ്റ്റോറുകൾക്ക് രൂപം നൽകുക. ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കുന്ന കെ-സ്റ്റോറുകളുടെ പ്രാരംഭ പ്രവര്‍ത്തനം ജൂണിൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. റേഷൻ ഉത്പന്നങ്ങൾക്കൊപ്പം പാലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം ഒരേയിടത്ത് നിന്ന് വാങ്ങാൻ സാധിക്കും. കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാനുള്ള സൗകര്യവും എടിഎമ്മും ഉൾപ്പെടെ ഒരിടത്ത് ഒരുക്കുന്ന സംവിധാനമാണ് പരിഗണനയിൽ. റേഷൻ കടകൾക്ക് പകരം 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാണ് കെ-സ്റ്റോറുകൾ. ഗ്രാമപ്രദേശങ്ങളിലെ ലൈസൻസികൾക്ക് മുൻഗണന നൽകും. കുറഞ്ഞ പലിശ നിരക്കിൽ വായ്പയും വ്യാപാകികൾക്ക് പരിരക്ഷയും എല്ലാം അടങ്ങുന്നതാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കുന്നു.
ALSO READ: കേരളത്തിലെ പശുക്കളും ഇനി ഹൈടെക്; തിരിച്ചറിയാൻ മൈക്രോ ചിപ്പുകൾ
സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ 99.14 ശതമാനം പേരും കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനർഹമായി റേഷൻ കാർഡ് കൈവശം വയ്ക്കുന്നവരെ കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചു പിടിക്കാനും അർഹരായവർക്ക് നൽകാനും സാധിച്ചു. ദിവസവും ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുന്ന വകുപ്പിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെ ജീവനക്കാരുടെ പങ്ക് വിലയേറിയതാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...