തിരുവനന്തപുരം: യുവതലമുറയുടെ ആശങ്ക പരിഗണിക്കാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും  അഭിപ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. തൊഴില്‍ രഹിതരായവരുടെ എണ്ണവും വലുതാണ്. തൊഴില്‍ അവസരം സൃഷ്ടിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണ്. 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയവരാണ് ഇടതുപക്ഷം. യുവാക്കളെ ബാധിക്കുന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്താണ്. എന്നാല്‍ ഭരണ മുന്നണിയുടെ യുവജന സംഘടകളെ കാണാന്‍പോലുമില്ലെന്നും സുധാകരന്‍ പരിഹസിച്ചു.


വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുന്നുയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. സമരസമിതിയുടെ ലക്ഷ്യം കലാപ ആഹ്വാനമെന്നത് സര്‍ക്കാരിന്റെ ഭാവനയും വീഴ്ചകളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണവുമാണ്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. വിഴിഞ്ഞം വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാണ്. സമരക്കാരുമായി തുടര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല. സമരം നീളുന്നത് സര്‍ക്കാരിന്റെ നിസംഗത കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.


കോളേജുകളെ എസ്.എഫ്.ഐ കലാപശാലകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലിന്റെ കാല് തല്ലിയൊടിക്കുമെന്ന കുട്ടിസഖാക്കളുടെ കൊലവിളി. സംസ്‌കാര ബോധമില്ലാത്ത എസ്.എഫ്.ഐ കലാശാലകളില്‍ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.