`ശബരിമല അവർത്തിക്കാമെന്ന് അവർ കരുതി`, ആരാധനാലയങ്ങൾ തുറന്നതിനെക്കുറിച്ച് കടകംപള്ളി
ഉത്തരവുകള്‍ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാൻ
കേന്ദ്രനിര്‍ദേശത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടര്‍ന്നാണ് കടകംപള്ളിയുടെ പ്രതികരണം.
ഇളവ് അനുവദിക്കുന്ന പട്ടികയുടെ കൂട്ടത്തില്‍ ആരാധനലായങ്ങള്‍ തുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായത് കഴിഞ്ഞ 30നാണ്. എന്നാല്‍ അത് കണ്ട ഉടനെ ധൃതി പിടിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കേരളം കൈക്കൊണ്ടിട്ടില്ല. പകരം വിവിധ മതമേധാവികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തുകയാണുണ്ടയാത്. നാലാം തീയ്യതി മതമേലധ്യക്ഷന്മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും വിവിധ ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ച നടത്തി, കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.
Also Read: 15 ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കണം -സുപ്രീം കോടതി
നമ്മുടെ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യമാണ്, തുറക്കുന്നതു വരെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചതായി കണ്ടിട്ടുള്ളതെന്നും, എന്തുകൊണ്ട് തുറക്കുന്നില്ല എന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവരാണ് ബിജെപി നേതാക്കളില്‍ അധികമെന്നും. ബിവറേജസ് തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറന്നു കൂടെ , ഷോപ്പിങ് മാള്‍ തുറക്കാമെങ്കില്‍ ആരധനാലയങ്ങള് തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചതെന്നും കടകംപള്ളി ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കോവിഡുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകള്‍ വി മുരളീധരന് വായിച്ചു മനസ്സിലാക്കണമെന്നും മെയ്മാസത്തിലെയും ജൂണ്‍മാസത്തിലെയും ഉത്തരവുകള്‍ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാനെന്നും കടകംപള്ളി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.