Kalamassery Bomb Blast : കളമശ്ശേരി ബോംബ് സ്ഫോടനം; പ്രതി ഡൊമിനിക്ക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kalamassery Bomb Blast Latest Update : യുഎപിഎ, ഗൂഢാലോചന, സ്ഫോടക വസ്തു നിയമം, വധശ്രമം കൊലപാതകം, എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
കൊച്ചി : കളമശ്ശേരിയിൽ മൂന്ന് പേർ മരിക്കാൻ ഇടയായ ബോംബ് സ്ഫോടന കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, സ്ഫോടക വസ്തു നിയമം, വധശ്രമം എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് സ്ഫോടന കേസിൽ കീഴടങ്ങിയ മാർട്ടിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. നിലവിൽ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പ്രത്യേക ക്യാമ്പിലാണ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ഇന്നലെ ഞായറാഴ്ചയാണ് 9.30 ഓടെയാണ് യഹോവയുടെ സാക്ഷികൾ എന്ന ക്രിസ്ത്യൻ സംഘടനയുടെ കൺവെൻഷൻ സെന്ററിൽ ഡൊമിനിക് മാർട്ടിൻ ബോംബ സ്ഫോടനം നടത്തിയത്. കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. യഹോവ സാക്ഷികളുടെ മുൻ അംഗവും കൂടിയാണ് മാർട്ടിൻ.
സ്ഫോടനത്തിന് ശേഷം ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിലൂടെ കുറ്റസമ്മതം നടത്തി. ശേഷം കൊടകര പോലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ ഏതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മാർട്ടിൻ 2500 പേർ പങ്കെടുത്ത കൺവെൻഷൻ സെന്ററിൽ ബോംബ് വെച്ചത്. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും വെച്ചും മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെയുമാണ് മരണപ്പെട്ടത്.
സ്‌ഫോടനത്തിൽ പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരിയാണ് മരിച്ച രണ്ടാമത്തെയാൾ. മൂന്നാമത്തെ മരണം മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ്. അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ലിബിന രാത്രി 1.30 ഓടെയാണ് മരിച്ചത്.
സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ തേടുന്നത്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ 9:40 ഓടെയാണ് നാടിനെ നടുക്കിക്കൊണ്ട് സ്ഫോടനം അരങ്ങേറിയത്. സ്ഫോടനം നടന്നപ്പോൾ സാമ്ര ഹാളിൽ 2400 ഓളം വിശ്വാസികൾ പ്രാർത്ഥനയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.