കളമശ്ശേരി: ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയാണ് ചട്ടവിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി നഗരത്തിന്‍റെ രൂപരേഖ പദ്ധതി പ്രകാരം പൊതു തുറസായ മേഖല G1, G 2 വിൽ ഉൾപ്പെട്ട 12 ഏക്കർ സ്ഥലത്താണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഡെപ്യൂട്ടി ടൗൺ പ്ലാനർ ഉത്തരവ് നൽകിയിട്ടുണ്ട്.


എന്നിട്ടും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനം. കളമശേരി കുസാറ്റിന് സമീപമുള്ള 12 ഏക്കറിൽ പല ഘട്ടങ്ങിലായി 2 ലക്ഷത്തി 35000 സ്വകയർ ഫീറ്റ് കെട്ടിടങ്ങളാണ് നിർമ്മിച്ചത്. 


ഇതിൽ 90,000 സ്ക്വയർ ഫീറ്റിന് അനുമതി ലഭിച്ചത് അനധികൃതമായാണെന്നാണ് ആക്ഷേപം. ശേഷിക്കുന്ന 1 ലക്ഷത്തി 45000 സ്ക്വയർ ഫീറ്റോളം വരുന്ന കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ഒന്നുമില്ല.  


ആൽബെർട്ടെൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിട നിർമ്മാണം സംബന്ധിച്ച പല ഫയലുകളും കളമശേരി നഗരസഭയിൽ നിന്ന് കാണാനില്ല. വിവരാവകാശ രേഖയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങളും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ലംഘിച്ചാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനമെന്ന് വ്യക്തമാണ്.


അതേസമയം ആൽബർട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ സ്പോർട്സ് കോപ്ലംക്സ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടതോടെ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. 


2.35000 സ്ക്വയർ ഫീറ്റുള്ള കെട്ടിടങ്ങളിൽ 145000 ക്വയർ ഫീറ്റിന് നിർമ്മാണ അനുമതിയോ, കെട്ടിട നമ്പറോ ലഭിച്ചിട്ടില്ലന്ന് ബോധ്യപ്പെട്ടതായി കളമശേരി നഗരസഭ അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്.


സ്ഥാപനത്തിന്‍റെ പ്രവർത്തനം ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ടാണെന്ന് ചൂണ്ടികാട്ടി നഗരസഭ കൗൺസിലിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആൽബെർട്ടെൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമ്മാണം സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.