കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ കൊലപാതകത്തിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരായി. പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതികൾ പോലീസ് ജീപ്പിൽ ആയിരുന്നതിനാൽ മർദ്ദനമേറ്റില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അബ്ദുൾ ​ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്നു. ഇവർ പ്രതിഷേധവുമായി എത്തി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൾ ​ഗഫൂറിനെ കൊലപ്പെടുത്തിയ മുറിയിൽ തെളിവെടുപ്പ് നടത്തി. പ്രതികളെ വൻ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്.


സാധാരണ മരണമാണെന്ന് എഴുതിത്തള്ളിയ വ്യവസായിയുടെ മരണം ഒരു വർഷത്തിന് ശേഷമാണ് കൊലപാതകമാണെന്ന് തെളിയുന്നത്. മന്ത്രവാദത്തിനെന്ന് പറഞ്ഞ് തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.


ALSO READ: സ്വർണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, കൈക്കലാക്കിയത് 596 പവൻ; വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകം


മന്ത്രവാദിനിയെന്ന് പറയപ്പെടുന്ന ജിന്നുമ്മയും ഇവരുടെ ഭർത്താവും ഉൾപ്പെടെ നാല് പേരാണ് പോലീസിന്റെ പിടിയിലായത്. മന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് 596 പവൻ സ്വർണമാണ് ഇവർ തട്ടിയെടുത്തത്. ഇത് തിരിച്ച് നൽകാതിരിക്കാനാണ് കൊലപാതകം നടത്തിയത്. ആദ്യം സ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്.


സ്വർണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2023 ഏപ്രിൽ പതിനാലിനാണ് ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ​ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് അബ്ദുൾ ​ഗഫൂറിന്റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തിയിരുന്നു.


ഈ സമയം ഭാര്യയേയും മക്കളേയും ബന്ധുവീടുകളിലേക്ക് പറഞ്ഞയച്ചിരുന്നു. സ്വർണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്നുൾപ്പെടെ സ്വർണം വാങ്ങിയിരുന്നു. ഏകദേശം നാല് കിലോയിലധികം വരുന്ന 596 പവൻ സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്. മന്ത്രവാദം നടന്നതിന്റെ തൊട്ടടുത്ത ദിവസം കട്ടിലിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടത്.


അതിനാൽ മരണത്തിൽ സംശയം തോന്നിയില്ല. എന്നാൽ, സ്വർണം നൽകിയ ബന്ധുക്കൾ ഉൾപ്പെടെ ഇത് അന്വേഷിച്ച് എത്തിയതോടയാണ് മരണത്തിൽ സംശയം ഉയർന്നത്. തുടർന്ന് അബ്ദുൾ ​ഗഫൂറിന്റെ മകൻ നൽകിയ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇതോടെയാണ് തലയ്ക്ക് പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.


ബേക്കൽ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും പാതിവഴിയിൽ അന്വേഷണം നിലച്ചു. തുടർന്ന് ദുരൂഹത നീക്കണമെന്ന ആവശ്യമുയർത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചു. ആഭിചാര ക്രിയക്കിടെ സ്വർണം തട്ടിയെടുത്ത് അബ്ദുൾ ​ഗഫൂറിന്റെ തല ചുമരിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.


ALSO READ: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ


ജിന്നുമ്മ എന്ന് അറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശിനി കെഎച്ച് ഷമീന, ഇവരുടെ ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. അബ്ദുൾ ​ഗഫൂറിൽ നിന്ന് സംഘം 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈപ്പറ്റിയതിന്റെ രേഖകളും കണ്ടെത്തി.


ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ എസ് പി കെജെ ജോൺസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പോലീസിന് മേൽ ഉന്നതങ്ങളിൽ സമ്മർദ്ദമുണ്ടായി ആക്ഷൻ കമ്മിറ്റി ആരോപണം ഉന്നയിച്ചിരുന്നു.


സ്വർണം വീണ്ടെടുക്കുന്നതിന് ശ്രമങ്ങൾ തുടരുകയാണ്. ആഡംബര കാറുകളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അറസ്റ്റിലായ ആയിഷ മുഖേന തട്ടിയെടുത്ത സ്വർണം വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.