ക്യാംപുകളിലേക്ക് മാറ്റിയത് തങ്ങളെ കൊല്ലാനോ? കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിൽ ജമ്മു കാശ്മീരിൽ പ്രതിഷേധം ശക്തം
കൊലപാതകം ലജ്ജാകരമാണെന്നും സംഭവത്തെ അപലപിക്കുന്നതായും പ്രതിഷേധക്കാർ പറയുന്നു
കാശ്മീരി പണ്ഡിറ്റായ 36കാരന്റെ കൊലപാതകത്തിന് പിന്നാലെ ജമ്മു കാശ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തം. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് കാശ്മീരി പണ്ഡിറ്റുകൾ മുന്നോട്ട് വയ്ക്കുന്നത്. ട്രാൻസിറ്റ് ക്യാമ്പുകളിൽ നിന്ന് പരസ്യ പ്രതിഷേധവുമായെത്തിയ പണ്ഡിറ്റുകൾ, റോഡുകൾ ഉപരോധിക്കുകയും കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. തങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം.
2010-ൽ ആരംഭിച്ച പ്രത്യേക തൊഴിൽ പാക്കേജിൽ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് നാലായിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി ട്രാൻസിറ്റ് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്കും എതിരെ മുദ്രാവാക്യം മുഴക്കി. ചിലയിടങ്ങളിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി മെഴുകുതിരി മാർച്ചും നടത്തി.
കൊലപാതകം ലജ്ജാകരമാണെന്നും സംഭവത്തെ അപലപിക്കുന്നതായും പ്രതിഷേധക്കാർ പറയുന്നു. ഇത് പുനരധിവാസമാണോ? തങ്ങളെ കൊണ്ടുവന്നത് കൊല്ലാനാണോ? ഇവിടെ സുരക്ഷയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊല ചെയ്യപ്പെടുന്ന ആറാമത്തെ കശ്മീരി പണ്ഡിറ്റാണ് രാഹുൽ ഭട്ട്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബറിൽ മാത്രം ഏഴ് സാധാരണ പൗരൻമാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരു പണ്ഡിറ്റും ഒരു സിഖുകാരനും, രണ്ട് ഹിന്ദുക്കളും ഉൾപ്പെടുന്നു.
രാഹുൽ ഭട്ടിന്റെ കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തെ പുനരധിവസിപ്പിക്കുന്നതിൽ വീണ്ടും വെല്ലുവിളിയാവും. സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും താഴ്‌വരയിലേക്ക് മടങ്ങാൻ പണ്ഡിറ്റുകളോട് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ സുരക്ഷയുടെ കാര്യത്തിൽ നിർണായക ചോദ്യം ഉയർത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...