കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് നടിയും ദിലീപിന്‍റെ ഭാര്യയുമായ കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ കാവ്യ പ്രതി അല്ലാത്തതിനാല്‍ അറസ്റ്റ് ഭീഷണി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ മുന്‍‌കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. 


അതേസമയം സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒക്ടോബര്‍ 4ന് പരിഗണിക്കും. നാദിര്‍ഷയെ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍‌കൂര്‍ അനുമതി വേണമെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്.


ഈ കേസില്‍ കാവ്യയേയും നാദിര്‍ഷയേയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഇരുവരേയും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെണ്ണ പരാതിയുമായാണ് കാവ്യ മുന്‍‌കൂര്‍ ജാമ്യം തേടിയത്. പൊലീസ് നിരന്തരം വിളിക്കുകയും, നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു എന്നുള്ള ആരോപണങ്ങളാണ് പൊലീസിനെതിരെ ജാമ്യഹര്‍ജിയില്‍ കാവ്യ ചൂണ്ടിക്കാണിച്ചിരുന്നത്.