Thiruvananthapuram : സ്വയം വരുമാനമുണ്ടാക്കി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് നാടിനാകെ മാതൃകയാവുകയാണ് സെന്‍റ് ആന്‍റണി എൽ.പി. സ്കൂൾ.  മികച്ച വിദ്യാഭ്യാസത്തിന് പുറമേ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അവർക്ക് വരുമാനവും ഭക്ഷ്യവസ്തുക്കളും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെയാണ് സെന്‍റ് ആന്‍റണി എൽ.പി സ്കൂൾ മറ്റുള്ള വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തം ആകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തമായി മെഴുകുതിരി, പേപ്പർ ബാഗ്, ചന്ദനത്തിരി, കുട എന്നിവ നിർമ്മിച്ച് അയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ഒരു പങ്ക് സ്കൂളിന്‍റെ ആവശ്യങ്ങൾക്കും ബാക്കി രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വീതിച്ച് കൊടുക്കുകയാണ് പതിവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയാണ് നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചത്. ഇതിലൂടെ ലഭിക്കുന്ന തുശ്ചമായ വരുമാനം പല കുടുംബങ്ങൾക്കും ആശ്രയമാണ്. 



കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ആരംഭിച്ച ഒരു പച്ചക്കറിത്തോട്ടവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ച ശേഷം ബാക്കി വരുന്ന പച്ചക്കറികൾ രക്ഷകർത്താക്കൾക്കും സമീപവാസികൾക്കും വീതിച്ച് നൽകുകയാണ് പതിവ്. പടവലം, പാവൽ, പയർ, തക്കാളി, വെണ്ട, മുളക്, വഴുതന, വെള്ളരി, മത്തൻ, പപ്പായ തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. 


സ്കൂൾ പരിസരത്തെ 50 സെന്‍റിൽ ആരംഭിച്ച കൃഷി പിന്നീട് ഗ്രോബാഗുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.  ഹെഡ്മാസ്റ്റർ മനോജ് കുമാറിന്‍റെയും മറ്റ് അധ്യാപകരുടെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് കൃഷിത്തോട്ടം പരിപാലിച്ച് പോകുന്നത്. വിദ്യാർത്ഥികൾക്ക് കാർഷിക സംബന്ധമായ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാനായി പാഠഭാഗങ്ങളിലെ അധ്യായങ്ങളുമായി ബന്ധപ്പെടുത്തിയാണ് അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുന്നത്. 


1976 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് സെന്‍റ് ആന്‍റണി എൽ.പി സ്കൂൾ. അന്ന് 600 ന് മുകളിൽ വിദ്യാർത്ഥികളും 22 ഓളം അധ്യാപകരും ഉണ്ടായിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. എന്നാൽ കാലക്രമേണ സ്കൂളിന്‍റെ വളർച്ച ഇടിഞ്ഞു. 2014 - 15 വർഷങ്ങൾ ആയപ്പോഴേക്കും ഒന്ന് മുതൽ നാല് വരെ ഒൻപത് കുട്ടികൾ മാത്രം അവശേഷിക്കുന്ന ഒരു അവസ്ഥ ഉണ്ടായി. അന്ന് മുതലാണ് ഈ സ്കൂൾ നിലനിൽക്കണമെങ്കിൽ ഒരു ജനകീയ ഇടപെടൽ ഉണ്ടാവണമെന്ന് സ്കൂൾ അധികൃതർ മനസ്സിലാക്കുന്നത്. 


പൊതു ജനങ്ങളുടെ മനസ്സിൽ നിന്നും അകന്ന് തുടങ്ങിയ ഈ സ്കൂളിനോട് ജനങ്ങൾക്ക് ഒരു അടുപ്പം തോന്നിക്കാൻ തുടങ്ങിയതായിരുന്നു പച്ചക്കറി കൃഷിയും മെഴുകുതിരി, പേപ്പർ ബാഗ് തുടങ്ങിയവയുടെ നിർമ്മാണം എന്നിവ. അത് വളരെയധികം വിജയം കണ്ടു. ജനങ്ങള്‍ ആദ്യം ഈ സ്കൂളിലേക്ക് പച്ചക്കറിത്തോട്ടം കാണാനായി വന്നു. തുടർന്ന് പല രക്ഷകർത്താക്കളും കുട്ടികളെ സെന്‍റ് ആന്‍റണി എൽ.പി സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ നാശത്തിന്‍റെ വക്കിൽ നിന്ന ഈ സ്കൂളിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം നൂറിനോടടുപ്പിച്ച് ഉയർന്നു.


 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ കൂടുതലായി ഇവിടെ പഠിച്ചിരുന്നതിനാൽ പച്ചക്കറി കൃഷി, മെഴുകുതിരി നിർമ്മാണം എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം അവർക്ക് വലിയെരു കൈത്താങ്ങായി മാറി. അങ്ങനെ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഈ സ്കൂളിനോട് മാനസികമായി ഒരു അടുപ്പം ഉണ്ടായി. ഇന്ന് നിരവധി പേരാണ് ഈ സ്കൂളിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുൻകൈ എടുത്ത് നിൽക്കുന്നത്. 


ആദ്യം ഇത്തരം പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ സ്കൂളിന്‍റെ എല്ലാ കാര്യങ്ങൾക്കും അവർ മുന്നിട്ട് നിൽക്കുന്നുണ്ട്. പ്രകൃതിയുമായി ലയിച്ച് വിദ്യാർത്ഥികൾക്ക് പഠിച്ച് മുന്നേറാനുള്ള ഒരു സാഹചര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നപ്പോള്‍ 'വിളയാം വിളവേകാം' എന്ന പദ്ധതി രൂപീകരിച്ച് ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറി സാധനങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചിരുന്നു. വി.കെ പ്രശാന്ത് എം.എൽ.എ ആയിരുന്നു ഇതിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.  മാത്രമല്ല വിദ്യാർത്ഥികളിൽ കാർഷിക ശീലം പ്രോത്സാഹിപ്പിക്കാൻ വിളവ് എന്ന പേരിൽ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭാവിയിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പുറമേ നാട്ട്കാർക്ക് കൂടി സൗജന്യമായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്ത് കഴക്കൂട്ടത്തെ ഒരു ഹരിത വാർഡ് ആക്കി മാറ്റുക എന്നതാണ് സെന്‍റ് ആന്‍റണി എൽ.പി സ്കൂൾ ലക്ഷ്യമിടുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ