കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇനി എംപി ക്വാട്ടയിൽ പ്രവേശനമില്ല; കൊവിഡ് അനാഥരാക്കിയ കുട്ടികൾക്കുള്ള സൗജന്യ പ്രവേശനം തുടരും
ഈ അധ്യയന വര്‍ഷത്തെ അഡ്മിഷനടക്കം പരിഷ്‌കാരം ബാധകമായിരിക്കും
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനത്തിനുള്ള മാർഗരേഖ പുതുക്കി. എംപി ക്വാട്ടയും ജില്ലാ മജിസ്ട്രേറ്റുമാർക്കു നൽകിയിരുന്ന ക്വാട്ടയും അടക്കം പ്രത്യേക സംവരണ സീറ്റുകൾ നിർത്തലാക്കി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ അധ്യയന വര്‍ഷത്തെ അഡ്മിഷനടക്കം പരിഷ്‌കാരം ബാധകമായിരിക്കും.നേരത്തെ കേന്ദ്രീയ വിദ്യാലയ സംഗാതൻ സ്‌പെഷ്യല്‍ ഡിസ്‌പെന്‍സേഷന്‍ അഡ്മിഷന്‍ സ്‌കീം പ്രകാരം, 1 മുതല്‍ 9 വരെ ക്ലാസുകളിലെ പ്രവേശനത്തിനായി പത്ത് വിദ്യാർത്ഥികളെ വരെ ശുപാർശ ചെയ്യാൻ ഒരു പാർലമെന്റ് അംഗത്തിന് സാധിക്കുമായിരുന്നു. പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിൽ പ്രവേശന നയത്തില്‍ നിരവധി ഭേദഗതികൾ വരുത്തി. എംപി ക്വാട്ട പുറമേ,എംപിമാരുടെ മക്കള്‍ കൊച്ചുമക്കള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ കുട്ടികൾ, ജില്ലാ മജിസ്ട്രേറ്റുമാർ എന്നിവര്‍ക്കുള്ള ക്വാട്ടയും നിര്‍ത്തലാക്കി.
കൊവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം തുടരും.പിഎം കെയർ ഫോർ ചിൽഡ്രൻസ് സ്കീമിൽ ഉൾപ്പെടുത്തിയാണ് പ്രവേശനം നൽകുന്നത്. കേന്ദ്രീയ വിദ്യായലയങ്ങളിൽ കുടുംബങ്ങളിലെ ഒരു പെണ്‍കുട്ടികൾക്കുള്ള പ്രവേശനവും തുടരും.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള ഫീസ് ഒഴിവാക്കപ്പെടും. സൈനിക മെഡലുകള്‍ നേടിയവരുടെ മക്കള്‍ക്കുള്ള സംവരണം തുടരും. സര്‍വീസിലിരിക്കെ മരണം സംഭവിച്ച കേന്ദ്രജീവനക്കാരുടെ മക്കള്‍ക്കും, ധീരതയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയവര്‍ക്കും ഫൈന്‍ ആര്‍ട്‌സ് മികവു പ്രകടിപ്പിച്ച കുട്ടികള്‍ക്കും, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ജീവനക്കാരുടെ മക്കള്‍ക്കും പ്രവേശനം ലഭിക്കും. ജില്ലാ കലക്ടര്‍ നല്‍കുന്ന പട്ടിക പ്രകാരം ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 10 പേര്‍ക്കു വീതം പ്രവേശനം നല്‍കും.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുട്ടിക്ക് ആറ് വയസ് തികയണം. എട്ടുവയസ് കവിയരുതെന്നാണ് നിബന്ധന. പത്താം ക്ലാസ് ജയിച്ച അതേവർഷം പതിനൊന്നാം ക്ലാസിലേക്ക് പ്രായ പരിധിയില്ല.ഭിന്നശേഷിക്കാർക്ക് പ്രായ പരിധിയിൽ രണ്ടുവർഷം ഇളവുണ്ട്. ആകെയുള്ള സീറ്റിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം മറ്റു പിന്നാക്ക വിഭാഗത്തിനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...